ആലപ്പുഴ ചേര്‍ത്തലയിൽ ശ്രീനാരായണ ഗുരുമന്ദിരം അടിച്ചു തകർത്തു

0
72

ആലപ്പുഴ ചേര്‍ത്തലയിൽ ശ്രീനാരായണ ഗുരുമന്ദിരം അടിച്ചു തകർത്തു. ചേർത്തല വരാനാട് എസ്എൻഡിപി ശാഖയുടെ കീഴിലുള്ള ഗുരുമന്ദിരമാണ് അക്രമികൾ അടിച്ചു തകർത്തത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് കസ്‌റ്റഡിയിലെടുത്തു. വരാനാട് സ്വദേശികളായ ജോൺ,ഗിരിധർ ദാസ്, സനത്ത്, ശ്രീജിത്ത് എന്നിവരാണ് പോലീസ് കസ്‌റ്റഡിയിലുള്ളത്.

പിടിയിലായവരിൽ ഗിരിധർ ദാസ്, സനത്ത്, ശ്രീജിത്ത് എന്നിവർ എസ്എൻഡിപി പ്രവർത്തകരാണ് എന്നാണ് വിവരം. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് ഗുരുമന്ദിരത്തിന് നേരെ ആക്രമണമുണ്ടായത്. ഗുരുമന്ദിരത്തിലെ തേങ്ങയേറ് ചടങ്ങിനിടെ ചില ഭാരവാഹികളും യുവാക്കളും തമ്മിലുണ്ടായ തർക്കമാണ് അക്രമത്തിന് കാരണമായതെന്നും, പ്രതികളെല്ലാം മദ്യ ലഹരിയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു.

ഇന്നലെ രാത്രി നാല് യുവാക്കളും ചേര്‍ന്ന് ക്രിസ്‌തുമസ് കരോൾ നടത്തിയിരുന്നു. ഇതിന് ശേഷം ഗുരുമന്ദിരത്തിലേക്ക് എത്തി ഇവർ തേങ്ങയേറ് ചടങ്ങിൽ പങ്കെടുക്കുകയും ഇതിനിടെ എസ്എൻഡിപി ഭാരവാഹികളുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ഇത് കൈയ്യാങ്കളിയിലേക്കും നീങ്ങുകയുമാണുണ്ടായത്. ഇതിന്റെ വൈരാഗ്യത്തിലാണ് ആക്രമണം നടന്നതെന്നാണ് പോലീസ് പറയുന്നത്.