വെള്ളിയാഴ്ചയുണ്ടായ കനത്ത മഴയെ തുടര്‍ന്ന് സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നാശനഷ്ടം. ആഘാതങ്ങള്‍ വിലയിരുത്താന്‍ സൗദി അറേബ്യയിലെ സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റ് കമ്മിറ്റികള്‍ രൂപീകരിച്ചു. മക്കയില്‍ പേമാരിയിലും വെള്ളപ്പൊക്കത്തിലും നാശനഷ്ടമുണ്ടായവരില്‍ നിന്ന് നഷ്ടപരിഹാരത്തിനായുള്ള അപേക്ഷകള്‍ കമ്മിറ്റികള്‍ സ്വീകരിച്ച് തുടങ്ങുമെന്ന് ഡയറക്ടറേറ്റ് അറിയിച്ചു.
കനത്ത മഴയെ തുടര്‍ന്ന് മരണങ്ങളോ പരുക്കുകളോ രേഖപ്പെടുത്തിയിട്ടില്ല ഡയറക്ടറേറ്റ് അറിയിച്ചു. അതിശക്തമായ മഴയെ തുടര്‍ന്ന് മക്കയിലെ കെട്ടിടങ്ങളില്‍ വെള്ളം കയറുന്നതിന്റെയും വാഹനങ്ങള്‍ ഒലിച്ചുപോകുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
അത്യാവശ്യങ്ങള്‍ക്കല്ലാതെ താമസക്കാര്‍ വീടിന് പുറത്തിറങ്ങരുതെന്ന് മക്ക മേഖലയിലെ ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് സെന്റര്‍ മുന്നറിയിപ്പ് നല്‍കി. സുരക്ഷ ഉറപ്പാക്കാന്‍ മഴവെള്ളം കെട്ടിക്കിടക്കുന്ന പ്രദേശങ്ങളിലേക്ക് ആളുകള്‍ പോകരുതെന്നും അധികൃതര്‍ നിര്‍ദേശം നല്‍കി.