മഹാരാഷ്ട്രയുമായുള്ള അതിർത്തി തർക്കത്തിൽ കർണാടക നിയമസഭ പ്രമേയം പാസാക്കി

0
79

മഹാരാഷ്ട്രയുമായുള്ള അതിർത്തി തർക്കത്തിൽ കർണാടക നിയമസഭ വ്യാഴാഴ്ച പ്രമേയം പാസാക്കി. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അവതരിപ്പിച്ച പ്രമേയം ഐകകണ്‌ഠ്യേന പാസാക്കുകയായിരുന്നു. മഹാരാഷ്ട്ര സൃഷ്ടിച്ച അതിർത്തി തർക്കത്തെ അപലപിച്ച ബസവരാജ് ബൊമ്മൈ സംസ്ഥാനത്തിന്റെ താൽപര്യം സംരക്ഷിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും പറഞ്ഞു.

‘കർണ്ണാടകയുടെ ഭൂമി, ജലം, ഭാഷ, എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ല. കർണാടകയിലെ ജനങ്ങളുടെയും അംഗങ്ങളുടെയും (അസംബ്ലി) വികാരങ്ങൾ ഇതിൽ ഒന്നാണ്. സംസ്ഥാനത്തിനെതിരെ നിൽക്കുന്നവർക്കെതിരെ ഞങ്ങളെല്ലാവരും ഒറ്റക്കെട്ടായി നിൽക്കും. സംസ്ഥാനത്തിന്റെ താൽപര്യം സംരക്ഷിക്കാൻ ഭരണഘടനാപരമായ നടപടികൾ കൈക്കൊള്ളും മുഖ്യമന്ത്രി ബൊമ്മൈ പാസാക്കിയ പ്രമേയത്തിൽ പറഞ്ഞു.

കർണാടകത്തിന്റെ ഒരിഞ്ച് ഭൂമി പോലും വിട്ടുനൽകരുതെന്നത് കർണാടക ജനതയുടെ ആഗ്രഹമാണെന്ന് ബസവരാജ് ബൊമ്മൈ നേരത്തെ പറഞ്ഞിരുന്നു. ‘ഭൂമി സംരക്ഷിക്കാൻ ഞങ്ങൾ എന്തും ചെയ്യും, ആവശ്യമായ എല്ലാ നടപടികളും ഞങ്ങൾ സ്വീകരിക്കും,’ എന്നാണ് ബസവരാജ് പറഞ്ഞിരുന്നത്.

എന്താണ് കർണാടക-മഹാരാഷ്ട്ര അതിർത്തി പ്രശ്‌നം

കർണ്ണാടകയും മഹാരാഷ്ട്രയും തമ്മിലുള്ള അതിർത്തി പ്രശ്‌നം 1957 മുതലുള്ളതാണ്. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ പുനഃസംഘടനയെത്തുടർന്നാണ് ഇത ഉടലെടുത്തത്. മറാത്തി സംസാരിക്കുന്ന ജനസംഖ്യ കൂടുതലുള്ളതിനാൽ, പഴയ ബോംബെ പ്രസിഡൻസിയുടെ ഭാഗമായിരുന്ന ബെലഗാവിയിൽ മഹാരാഷ്ട്ര അവകാശവാദമുന്നയിച്ചു. നിലവിൽ കർണാടകയുടെ ഭാഗമായ 800-ലധികം മറാത്തി സംസാരിക്കുന്ന ഗ്രാമങ്ങളെ ഇത് ബാധിച്ചു.

സംസ്ഥാനങ്ങളുടെ പുനഃസംഘടന നിയമവും 1967-ലെ മഹാജൻ കമ്മീഷൻ റിപ്പോർട്ടും അനുസരിച്ച് ഭാഷാടിസ്ഥാനത്തിലുള്ള അതിർത്തി നിർണയം കർണാടക അന്തിമമായി നിലനിർത്തുന്നു. ബെലഗാവി സംസ്ഥാനത്തിന്റെ അവിഭാജ്യ ഘടകമാണെന്നാണ് കർണ്ണാടകയുടെ വാദം. വർഷം തോറും ഇവിടെ ഒരു നിയമസഭാ സമ്മേളനം നടക്കുന്നുണ്ട്.