വനിതാ ഐപിഎൽ പൂർണമായും മുംബൈയിൽ നടത്തിയേക്കും

0
111

പ്രഥമ വനിതാ ഐപിഎൽ പൂർണമായും മുംബൈയിൽ നടത്തിയേക്കും. ഇക്കാര്യം ബിസിസിഐ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ സീസൺ ഐപിഎൽ നടത്തിയ രീതിയിൽ വനിതാ ഐപിഎൽ നടത്താനാണ് ബിസിസിഐ ആലോചിക്കുന്നത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ലെങ്കിലും രാജ്യത്തെ കൊവിഡ് സാഹചര്യം കൂടി പരിഗണിച്ച് ഇത് പ്രാബല്യത്തിൽ വരാനാണ് സാധ്യത.

വനിതാ ഐപിഎലിൻ്റെ പ്രഥമ എഡിഷൻ അടുത്ത വർഷം മാർച്ച് മൂന്നിന് ആരംഭിച്ചേക്കും. മാർച്ച് 26 നാവും ഫൈനൽ. 2023 ടി-20 ലോകകപ്പ് അവസാനിച്ച് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ വനിതാ ഐപിഎൽ ആരംഭിക്കാനാണ് ബിസിസിഐയുടെ പദ്ധതിയെന്ന് ഇഎസ്പിഎൻ ക്രിക്കിൻഫോ റിപ്പോർട്ട് ചെയ്തു. അഞ്ച് ടീമുകളും 22 മത്സരങ്ങളുമാണ് ആദ്യ സീസണിൽ ഉള്ളത്. ഒരു ടീമിൽ ആകെ 18 അംഗങ്ങളെയും പരമാവധി 6 വിദേശതാരങ്ങളെയും ഉൾപ്പെടുത്താം. ആകെ അഞ്ച് പേരെ ഫൈനൽ ഇലവനിൽ ഉൾപ്പെടുത്താം. അഞ്ചിൽ ഒരു താരം അസോസിയേറ്റ് രാജ്യത്തിൽ നിന്നാവണം.

ഗ്രൂപ്പ് ഘട്ടത്തിൽ ടീമുകൾ പരസ്പരം രണ്ട് തവണ വീതം ഏറ്റുമുട്ടും. ആദ്യ സ്ഥാനത്ത് എത്തുന്ന ടീം നേരിട്ട് ഫൈനൽ കളിക്കും. 3, 4 സ്ഥാനത്ത് ഫിനിഷ് ചെയ്യുന്നവർ തമ്മിൽ എലിമിനേറ്റർ കളിച്ച് അതിൽ വിജയിക്കുന്ന ടീമാവും ഫൈനലിലെ രണ്ടാമത്തെ ടീം.