അര്‍ബുദം മൂര്‍ച്ഛിച്ചു, പെലെയുടെ ആരോഗ്യനിലയില്‍ ആശങ്ക

0
73

ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ ആരോഗ്യനിലയില്‍ ആശങ്ക. അര്‍ബുദരോഗം മൂര്‍ച്ഛിച്ചതായും രോഗം വൃക്കയെയും ഹൃദയത്തെയും ബാധിച്ചതായും ഡോക്ടര്‍മാര്‍ അറിയിച്ചു. 82കാരനായ പെലെ കഴിഞ്ഞ നവംബര്‍ മുതല്‍ ആശുപത്രിയില്‍ പ്രത്യേക പരിചരണത്തിലാണ്.

എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ കളിക്കാരിലൊരാളായി കണക്കാക്കപ്പെടുന്ന പെലെയെ, ശ്വാസകോശ സംബന്ധമായ അണുബാധയെ തുടര്‍ന്നും ചികിത്സ പുനഃപരിശോധിക്കാനുമാണ് നവംബര്‍ മുതല്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇത്തവണ ക്രിസ്മസിന് ആശുപത്രിയില്‍ തുടരേണ്ടി വരുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ‘ഞങ്ങളുടെ വീട്ടിലെ ക്രിസ്മസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നു,” പെലെയുടെ മകള്‍ കെലി നാസിമെന്റോ ഇന്‍സ്റ്റാഗ്രാമില്‍ പറഞ്ഞു. വിവിധ കാരണങ്ങളാല്‍, ഐന്‍സ്റ്റീനിലെ ഈ പുതിയ കുടുംബം ഞങ്ങള്‍ക്ക് നല്‍കുന്ന എല്ലാ പരിചരണത്തോടും കൂടി ഇവിടെ താമസിക്കുന്നതാണ് നല്ലതെന്ന് തീരുമാനിച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ വന്‍കുടലില്‍ നിന്ന് ട്യൂമര്‍ നീക്കം ചെയ്തതു മുതല്‍ പെലെ സ്ഥിരമായി ചികിത്സയിലായിരുന്നു. എന്നാല്‍ ക്യാന്‍സര്‍ മറ്റ് അവയവങ്ങളിലേക്ക് പടര്‍ന്നിട്ടുണ്ടോ എന്നതിനെക്കുറിച്ച് അദ്ദേഹത്തിന്റെ കുടുംബമോ ആശുപത്രിയോ പ്രതികരിച്ചിട്ടില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്തു.

1958, 1962, 1970 വര്‍ഷങ്ങളില്‍ പെലെ ബ്രസീലിനെ ലോകകപ്പ് നേട്ടത്തിലേക്ക് നയിച്ചു. 2022 ഫിഫ ലോകകപ്പില്‍ ബ്രസീലിന്റെ ഏറ്റവും വലിയ സ്‌കോറര്‍ (77 ഗോളുകള്‍) എന്ന പെലെയുടെ എക്കാലത്തെയും റെക്കോര്‍ഡിനൊപ്പം നെയ്മര്‍ എത്തിയിരുന്നു. ലോകകപ്പിനിടെ പെലെയുടെ ചിത്രം പതിച്ച കൂറ്റന്‍ ബാനറുകള്‍ ഉയര്‍ത്തി ബ്രസീല്‍ കളിക്കാരും ആരാധകരും അദ്ദേഹത്തോടുള്ള ആദരവ് കാട്ടിയിരുന്നു.

2022 ഫൈനലിന് ശേഷം പെലെ അര്‍ജന്റീനയെ ആശംസിച്ച പെലെ, ലയണല്‍ മെസ്സിയുടെയും കൈലിയന്‍ എംബാപ്പെയുടെയും പ്രകടനങ്ങളെ പ്രശംസിക്കുകയും ചെയ്തു.

‘ഇന്നും, ഫുട്‌ബോള്‍ അതിന്റെ കഥ എപ്പോഴും, ആവേശകരമായ രീതിയില്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു. നമ്മുടെ കായികരംഗത്തിന്റെ ഭാവിയെക്കുറിച്ചുള്ള ഈ കാഴ്ച കാണാന്‍ കഴിഞ്ഞത് എന്തൊരു സമ്മാനമായിരുന്നു.’, പെലെ പറഞ്ഞു.