ഞായറാഴ്‌ച നടന്ന ലോകകപ്പ് ഫൈനലിന് ശേഷം ഫ്രാൻസ് താരങ്ങൾക്ക് നേരിടേണ്ടി വന്ന വംശീയ അധിക്ഷേപത്തെ അപലപിച്ചതായും, ഇതിന് ഉത്തരവാദികളായ ആളുകൾക്കെതിരെ പരാതി നൽകുമെന്നും ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ (എഫ്എഫ്എഫ്) അറിയിച്ചു. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫൈനലുകളിൽ ഒന്നിനാണ് ലുസൈൽ സാക്ഷ്യം വഹിച്ചത്.
കിരീടം നേടിയ അർജന്റീനയ്ക്ക് കടുത്ത വെല്ലുവിളിയാണ് ഫ്രാൻസ് ഉയർത്തിയത്. നിശ്ചിത സമയത്തും, അധിക സമയത്തും ഇരു ടീമുകളും തുല്യത പാലിച്ചതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയിരുന്നു. ഇതിൽ കിംഗ്‌സലി കോമാനും ഔറേലിയൻ ചൗമേനിയും കിക്കുകൾ പാഴാക്കിയതോടെ ഫലം അർജന്റീനയ്ക്ക് അനുകൂലമായിരുന്നു. ഇതിന് പിന്നാലെയാണ് താരങ്ങൾക്കെതിരെ വ്യാപകമായ വംശീയ അധിക്ഷേപം ഉയർന്നത്.
കോമനും ചൗമേനിയും ഓൺലൈനിൽ വംശീയ അധിക്ഷേപത്തിന് ഇരകളായെന്നും, ഇതോടെ താരങ്ങൾക്ക് അവരുടെ ഇൻസ്‌റ്റഗ്രാം അക്കൗണ്ടുകളിലെ കമന്റ് വിഭാഗം സ്വിച്ച് ഓഫ് ചെയ്യേണ്ടി വന്നെന്നും ഇംഗ്ലീഷ് മാധ്യമങ്ങൾ തിങ്കളാഴ്‌ച റിപ്പോർട്ട് ചെയ്‌തു. ഇതോടെ അധിക്ഷേപത്തെ അപലപിക്കുന്നുവെന്നും ഉത്തരവാദികൾക്കെതിരെ പരാതി നൽകുമെന്നും എഫ്എഫ്എഫ് ട്വിറ്ററിൽ പുറത്തുവിട്ട പ്രസ്‌താവനയിൽ അറിയിച്ചു.