രാജ്യത്ത് കൊവിഡ് വ്യാപനം വീണ്ടും കൂടുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. വൈറസ് പടരാതിരിക്കാന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. പൊതുജനങ്ങള്‍ തിരക്കേറിയ സ്ഥലങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നും കരുതല്‍ ഡോസ് വാക്‌സിന്‍ സ്വീകരിക്കണമെന്നും ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.
മന്‍സുഖ് മാണ്ഡവ്യയുടെ നേതൃത്വത്തില്‍ രാജ്യത്തെ കൊവിഡ് സാഹചര്യത്തെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥരുമായും വിദഗ്ധരുമായും ചേര്‍ന്ന യോഗത്തിലാണ് ജാഗ്രതാ നിര്‍ദേശങ്ങള്‍. കൊവിഡ് ഇതുവരെ അവസാനിച്ചിട്ടില്ല. ജാഗ്രത പാലിക്കാനും നിരീക്ഷണം ശക്തമാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഏത് സാഹചര്യവും കൈകാര്യം ചെയ്യാന്‍ തയ്യാറാണ് എന്നും യോഗത്തിന് ശേഷം കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തു.
പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും മതിയായ പരിശോധനകള്‍ നടക്കുന്നുണ്ടെന്നും കൊവിഡ് ദേശീയ ടാസ്‌ക് ഫോഴ്സിന്റെ തലവനായ നിതി ആയോഗ് അംഗം വികെ പോള്‍ പറഞ്ഞു. തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണം. അന്താരാഷ്ട്ര വിമാന യാത്രയ്ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ ഇതുവരെ മാറ്റമില്ലെന്ന് അദ്ദേഹം പോള്‍ പറഞ്ഞു. അന്താരാഷ്ട്ര, ആഭ്യന്തര വിമാന സര്‍വീസുകളുടെ മാറ്റം, വിദേശത്ത് നിന്ന് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, കൊവിഡിന്റെ പുതിയ വേരിയന്റ് തുടങ്ങിയ കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 129 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 3,408 എണ്ണമാണ് സജീവകേസുകള്‍. അതേസമയം ചൈനയില്‍ കൊവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. ചൈനീസ് സര്‍ക്കാരിന്റെ സീറോ കൊവിഡ് നയവും ലോക്ക്ഡൗണ്‍ വ്യവസ്ഥകളും പിന്‍വലിച്ചാല്‍ ചൈനയില്‍ 1.3 മില്യണ്‍ മുതല്‍ 2.1 മില്യണ്‍ ആളുകള്‍ക്ക് വരെ ജീവന്‍ നഷ്ടമായേക്കാമെന്നാണ് റിപ്പോര്‍ട്ട്. ചൈനയിലെ കുറഞ്ഞ വാക്സിനേഷന്‍ നിരക്കുകളും ബൂസ്റ്റര്‍ ഡോസ് എടുക്കുന്നതിനുള്ള ആളുകളുടെ വിമുഖതയും ഉള്‍പ്പെടെ വിനയായെന്നാണ് റിപ്പോര്‍ട്ട്. ചൈനയിലെ ജനങ്ങളുടെ രോഗപ്രതിരോധശേഷി കുറവാണെന്നും ലണ്ടന്‍ ആസ്ഥാനമായുള്ള ഗ്ലോബല്‍ ഇന്റലിജന്‍സ് ആന്‍ഡ് അനലിറ്റിക്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.