ലോകകപ്പ് പരാജയത്തിനു പിന്നാലെ ഫ്രാൻസ് താരങ്ങൾക്കെതിരെ വംശീയാധിക്ഷേപം

0
47
Kingsley Coman, Aurelien Tchouameni and Randal Kolo Muani.

ലോകകപ്പ് പരാജയത്തിനു പിന്നാലെ ഫ്രാൻസ് താരങ്ങൾക്കെതിരെ വംശീയാധിക്ഷേപം. കിംഗ്സ്ലി കോമൻ, ഓറലിയൻ ചൗമെനി, റാൻഡൽ കോളോ മോനി എന്നിവരാണ് സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷമായ വംശീയാധിക്ഷേപം നേരിടുന്നത്. മത്സരത്തിൻ്റെ അധികസമയത്ത് കോളോ മോനി ഒരു സുവർണാവസരം പാഴാക്കിയപ്പോൾ പെനാൽറ്റി ഷൂട്ടൗട്ടിൽ കോമനും ചൗമെനിയും തങ്ങളുടെ കിക്കുകൾ പാഴാക്കി.

കോമനെതിരായ വംശീയാധിക്ഷേപത്തിനെതിരെ ക്ലബ് ബയേൺ മ്യൂണിക്ക് രംഗത്തുവന്നു. വംശീയാധിക്ഷേപങ്ങളെ അപലപിക്കുന്നു എന്നും ഫുട്ബോളിൽ അതിനു സ്ഥാനമില്ലെന്നും ബയേൺ കുറിച്ചു. അധിക്ഷേപങ്ങളെ മെറ്റയും അപലപിച്ചു. അത്തരം കമൻ്റുകൾ നീക്കം ചെയ്യുമെന്ന് കമ്പനി അറിയിച്ചു.

ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കലാശപ്പോരിനാണ് കഴിഞ്ഞ ദിവസം ലുസൈൽ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 23ആം മിനിട്ടിൽ മെസിയും 36ആം മിനിട്ടിൽ ഡി മരിയയും നേടിയ ഗോളിൽ അർജൻ്റീന മുന്നിലെത്തി. 79ആം മിനിട്ട് വരെ ഈ ലീഡ് സൂക്ഷിക്കാൻ അർജൻ്റീനയ്ക്ക് സാധിച്ചു. 80, 81 മിനിട്ടുകളിൽ എംബാപ്പെ ഫ്രാൻസിനായി ഗോളുകൾ മടക്കിയതോടെ കളി അധികസമയത്തേക്ക്. അധികസമയത്ത്, 108ആം മിനിട്ടിൽ മെസിയിലൂടെ വീണ്ടും അർജൻ്റീന ലീഡെടുത്തു. എന്നാൽ, 118ആം മിനിട്ടിൽ എംബാപ്പെ തൻ്റെ ഹാട്രിക്ക് ഗോൾ നേടി ഫ്രാൻസിനെ വീണ്ടും ഒപ്പമെത്തിച്ചു. ഷൂട്ടൗട്ടിൽ രണ്ടും മൂന്നും കിക്കുകൾ ഫ്രാൻസ് പാഴാക്കിയപ്പോൾ അർജൻ്റീന എല്ലാ കിക്കുകളും ലക്ഷ്യത്തിലെത്തിച്ചു.