ഖത്തർ ലോകകപ്പിന്റെ സമാപന ചടങ്ങിൽ പങ്കെടുക്കാൻ ബോളിവുഡ് താരം ദീപിക പദുക്കോൺ. ട്രോഫി അനാച്ഛാദനം ചെയ്യാനായി ബോളിവുഡ് താരം ദീപിക പദുകോൺ ഖത്തറിലേക്ക് പറന്നു. പുതിയ ചിത്രമായ പാഠാൻ വിവാദം കത്തിനിൽക്കെയാണ് താരം ഖത്തറിലേക്ക് പറക്കുന്നത്.
ഇന്ന് നടക്കുന്ന ഫൈനലിന് മുന്നോടിയായി ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ ഫിഫ ലോകകപ്പ് ഫൈനൽ മത്സരത്തിൽ ട്രോഫി അനാച്ഛാദനം നിർവഹിക്കുന്നത് ദീപികയാണെന്നാണ് റിപ്പോർട്ട്. താരം ഖത്തറിലേക്ക് പറക്കുന്ന വിവരം മുംബൈ എയർപോർട്ടിൽനിന്നുള്ള വിഡിയോ ട്വീറ്റ് ചെയ്തതിലൂടെയാണ് അറിഞ്ഞത്.
ലോകകപ്പിൻറെ ഉദ്ഘാടന ചടങ്ങിൽ മുൻ ഫ്രഞ്ച് ക്യാപ്റ്റൻ മാഴ്സെൽ ഡിസെയ്‌ലി ആണ് ലോകകപ്പ് ട്രോഫി സ്റ്റേഡിയത്തിലേക്ക് കൊണ്ടുവന്നത്. ചരിത്രത്തിൽ ആദ്യമായാണ് ഒരു സിനിമ താരം ലോകകപ്പ് ട്രോഫി അനാവരണം ചെയ്യാനായി നിയോഗിക്കപ്പെടുന്നത്. മുൻകാലങ്ങളിൽ കഴിഞ്ഞ ലോകകപ്പിൽ കിരീടം നേടിയ ടീമിൻറെ നായകനും, ആതിഥേയ രാജ്യത്തെ പ്രമുഖ മോഡലുകളും ചേർന്നാണ് സ്റ്റേഡിയത്തിലേക്ക് ട്രോഫി എത്തിച്ചിരുന്നത്
അതേസമയം ഖത്തർ ലോകകപ്പിൻറെ ഫൈനൽ പോരാട്ടത്തിന് സാക്ഷിയാകാൻ മലയാളത്തിൻറെ പ്രിയ നടന്മാരായ മമ്മൂട്ടിയും മോഹൻലാലും എത്തി. ഖത്തർ മിനിസ്ട്രിയുടെ അതിഥിയായാണ് മോഹൻലാൽ മത്സരം കാണാൻ എത്തുന്നത്.
ഫൈനൽ പോരാട്ടത്തിന് സാക്ഷിയാകാൻ മലയാളത്തിൻറെ പ്രിയ നടൻ മോഹൻലാലിന് പിന്നാലെയാണ് മമ്മൂട്ടിയും ഖത്തറിലെത്തിയത്. ഖത്തറിൽ മമ്മൂട്ടിക്ക് വൻ വരവേൽപ്പാണ് ലഭിച്ചത്. ഏറ്റവും വലിയ കായിക മാമാങ്കത്തിന് സാക്ഷ്യം വഹിക്കാൻ ലോകം ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിലേക്ക് ഇറങ്ങുമ്പോൾ ഏറ്റവും അർഹതയുള്ള ടീമിന് ലോകകപ്പ് ട്രോഫി ഉയർത്താൻ സാധിക്കട്ടെയെന്ന് മമ്മൂട്ടി ആശംസകൾ നേർന്നു.