ഇസ്രായേൽ സന്ദർശിച്ച് കൃഷി പഠിക്കാൻ കേരളത്തിലെ കർഷകർക്ക് അവസരം

0
59
Bekaye Samake waters his vegetables near the the Niger River in Bamako, Mali on November 9, 2013. Photo © Dominic Chavez/World Bank

കാർഷിക മേഖലയിൽ അതിനൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കൃഷി ചെലവ് കുറയ്ക്കുകയും ഉയർന്ന ഉത്പാദനക്ഷമത കൈവരിക്കുകയും ചെയ്യുക എന്നത് കർഷക സമൂഹം ആകാംക്ഷയോടെ നോക്കിക്കാണുന്ന വിഷയമാണ്. ഇത്തരം സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതിന് മുൻനിരയിൽ നിൽക്കുന്ന രാഷ്ട്രങ്ങളിൽ ഒന്നാണ് ഇസ്രായേൽ. ഇസ്രായേൽ സന്ദർശിച്ച് കൃഷി പഠിക്കാൻ കേരളത്തിലെ കർഷകർക്ക് അവസരം ഒരുക്കി സംസ്ഥാന കൃഷി വകുപ്പ്.

വാട്ടർ മാനേജ്മെന്റ്, റീസൈക്ലിങ് ടെക്നിക്കുകൾ, മൈക്രോ ഇറിഗേഷൻ സിസ്റ്റം, കാലാവസ്ഥ അനുരൂപ കൃഷി മാതൃകകൾ,ഹൈടെക് കൃഷി രീതികൾ, പോളി ഹൗസ് എന്നീ മേഖലകളിലെ ഇസ്രായേൽ സാങ്കേതികവിദ്യകൾ പ്രസിദ്ധമാണ്. ഇസ്രായേലിയൻ സാങ്കേതിക വിദ്യകൾ മനസ്സിലാക്കി ഇവിടത്തെ കൃഷിയിടങ്ങളിൽ പ്രായോഗികമാക്കുന്നതിന് താല്പര്യമുള്ള കർഷകരെ തെരഞ്ഞെടുത്ത് ഇസ്രായേലിലേക്ക് അയക്കുന്നതിനാണ് കൃഷിവകുപ്പ് തീരുമാനിച്ചിട്ടുള്ളത്. താല്പര്യമുള്ള കർഷകർ ഡിസംബർ 29ന് മുൻപായി കൃഷിവകുപ്പിന്റെ എയിംസ് പോർട്ടൽ (www.aimsnew.kerala.gov.in )മുഖേന അപേക്ഷ സമർപ്പിക്കേണ്ടതാണ്.

പരമാവധി 20 കർഷകർക്കായിരിക്കും അവസരം ലഭിക്കുക. 10 വർഷത്തിനു മുകളിൽ കൃഷി പരിചയവും ഒരു ഏക്കറിന് മുകളിൽ കൃഷിയുമുള്ള 50 വയസ്സിന് താഴെയുള്ള ഇന്നവേറ്റീവ് കർഷകരെ ആയിരിക്കും പഠനയാത്രയ്ക്കായി തെരഞ്ഞെടുക്കുക. മറ്റു മുൻഗണന മാനദണ്ഡങ്ങൾ, നിബന്ധനകൾ എന്നിവ വെബ്സൈറ്റിൽ ലഭ്യമാണ്. ഡിസംബർ 19 മുതൽ എയിംസ് പോർട്ടൽ വഴി കർഷകർക്ക് അപേക്ഷിക്കാവുന്നതാണ്.