ബഫർസോൺ പ്രായോഗികമല്ല; കോടതിയെ ബോധ്യപ്പെടുത്തും

0
50

വന്യജീവി സങ്കേതങ്ങളും ദേശീയോദ്യാനങ്ങളും ഉൾപ്പെടുന്ന സംരക്ഷിത പ്രദേശങ്ങൾക്ക് ചുറ്റും ഒരു കിലോ മീറ്റർ പരിസ്ഥിതിലോല മേഖല ആക്കണമെന്ന വിധി കേരളത്തിൽ പ്രായോഗികമല്ലെന്ന്‌ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ ബോധ്യപ്പെടുത്തും. കേരള സ്‌റ്റേറ്റ്‌ റിമോട്ട്‌ സെൻസിങ്‌ ആൻഡ് എൻവയോൺമെന്റ്‌ സെന്റർ (കെഎസ്‌ആർഇസി ) ഉപഗ്രഹ സഹായത്തോടെ തയ്യാറാക്കിയത്‌ പ്രാഥമിക റിപ്പോർട്ട്‌ മാത്രമാണ്‌. എല്ലാ നിർമിതികളും ഇതിൽ ഉൾപ്പെട്ടിട്ടില്ല. വിട്ടുപോയവ ഫീൽഡ്‌ സർവേയിൽ കൂട്ടിച്ചേർക്കും. കോടതിയെ നിജസ്ഥിതി ബോധ്യപ്പെടുത്താൻ ആവശ്യമായ തെളിവ്‌ ശേഖരിക്കുകയെന്നതാണ്‌ ഇപ്പോഴത്തെ പ്രവർത്തനങ്ങളുടെ ലക്ഷ്യമെന്ന്‌ വനംമന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിയാലോചന നടത്തിയശേഷമാണ്‌ മന്ത്രി ഇക്കാര്യമറിയിച്ചത്‌.

റിട്ട. ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ അധ്യക്ഷനായ സ്വതന്ത്രസമിതി ജനവാസമേഖലയുടെ പൂർണവിവരങ്ങൾ ശേഖരിക്കും. വിദഗ്‌ധസമിതിക്കു മുന്നിൽ പരാതി അറിയിക്കാനുള്ള സമയം 23 വരെയായിരുന്നത്‌ നീട്ടിനൽകും. തിങ്കളാഴ്‌ച ചേരുന്ന വിദഗ്‌ധസമിതി യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. തദ്ദേശസ്ഥാപനങ്ങൾ ഫീൽഡ്‌ സർവേയും നടത്തും. പഞ്ചായത്ത് തലത്തിൽ ഹെൽപ് ഡെസ്‌കും ആരംഭിക്കും. അനാവശ്യ ആശങ്ക ഉണ്ടാക്കി ജനത്തെ ഭീതിപ്പെടുത്തരുതെന്ന്‌ മന്ത്രി എ കെ ശശീന്ദ്രൻ അഭ്യർഥിച്ചു. സത്യാവസ്ഥ കോടതിയെ ബോധ്യപ്പെടുത്താനുള്ള വിവരശേഖരണത്തിൽ ഏവരും സഹകരിക്കണം. ആളുകൾ ഒഴിഞ്ഞുപോകേണ്ടി വരുമെന്നും വാഹനങ്ങൾക്കും കൃഷിക്കും നിയന്ത്രണമുണ്ടാകുമെന്നും പരിസ്ഥിതി ദുർബല പ്രദേശമാകുമെന്നും തെറ്റായ പ്രചാരണം നടത്തുന്നത്‌ നിക്ഷിപ്ത താൽപ്പര്യക്കാരാണെന്നും മന്ത്രി പറഞ്ഞു.

ജനവാസ കേന്ദ്രങ്ങളും സ്ഥാപനങ്ങളും ഉൾപ്പെടുന്ന സ്ഥലങ്ങൾ ബഫർസോണിൽ ആക്കാൻ സാധിക്കില്ലെന്നു കാണിച്ച്‌ സർക്കാർ നേരത്തേ തന്നെ പുനഃപരിശോധനാ ഹർജി സമർപ്പിച്ചിട്ടുണ്ട്. നിർമാണങ്ങളുടെ ഉപഗ്രഹ– -ഡ്രോൺ ചിത്രങ്ങൾ മൂന്നു മാസത്തിനകം സമർപ്പിക്കണമെന്ന്‌ ജൂൺ മൂന്നിലെ ഉത്തരവിൽ കോടതി ആവശ്യപ്പെട്ടിരുന്നു. ഉപഗ്രഹചിത്ര റിപ്പോർട്ടോ ഫീൽഡ്‌ പരിശോധനാ റിപ്പോർട്ടോ ഔദ്യോഗിക രേഖയാക്കാനല്ലെന്നും കോടതിയിൽ സമർപ്പിക്കാനാണെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്‌. ജനങ്ങൾക്ക്‌ ഇ–-മെയിൽ വഴിയും ( [email protected]) വനംവകുപ്പ്‌ ജോയിന്റ്‌ സെക്രട്ടറിക്കും പരാതികൾ നൽകാം.

തദ്ദേശസ്ഥാപനങ്ങളിൽ ഹെൽപ് ഡെസ്‌ക്‌

ബഫർസോണുമായി ബന്ധപ്പെട്ട്‌ ജനങ്ങൾക്ക്‌ സഹായം ലഭ്യമാക്കാൻ തദ്ദേശസ്ഥാപനങ്ങളിൽ ഹെൽപ് ഡെസ്‌ക്കുകൾ ആരംഭിക്കും. പരിശോധനയിൽ വിട്ടുപോയ നിർമിതികളെക്കുറിച്ച് വിവരം നൽകാനുള്ള സഹായവും ഇവിടെ ലഭിക്കും. പ്രദേശത്തെ പരിസ്ഥിതിലോല മേഖലയിൽ ഏതെല്ലാം ഭാഗങ്ങൾ ഉൾപ്പെടുന്നുവെന്ന വിവരവും മനസ്സിലാക്കാം.

ബഫർസോണിലെ സ്ഥാപനങ്ങൾ, വീടുകൾ, മറ്റു നിർമിതികൾ എന്നിവ സംബന്ധിച്ച റിപ്പോർട്ടിനെക്കുറിച്ചും മറ്റു വിവരങ്ങളും തദ്ദേശസ്ഥാപനങ്ങൾ പ്രദർശിപ്പിക്കും. നടപടികൾ ജനങ്ങളെ ബോധ്യപ്പെടുത്താൻ വാർഡ് അടിസ്ഥാനത്തിൽ പ്രചാരണം നടത്തണമെന്നും തദ്ദേശസ്വയംഭരണ അഡീഷണൽ ചീഫ്‌ സെക്രട്ടറി നിർദേശിച്ചു.

സംസ്ഥാന റിമോട്ട്‌ സെൻഡിങ്‌ ആൻഡ്‌ എൻവയൺമെന്റ്‌ സെന്റർ (കെഎസ്‌ആർഇസി) തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ടിൽ ഉൾപ്പെടാത്ത നിർമിതികളുണ്ടെങ്കിൽ വിവരം നിർദിഷ്ട മാതൃകയിൽ 23നകം [email protected] ലേക്ക് അറിയിക്കാം.
ജോയിന്റ് സെക്രട്ടറി, വനം വന്യജീവി വകുപ്പ്, അഞ്ചാം നില, സെക്രട്ടറിയറ്റ് അനക്സ് രണ്ട്, തിരുവനന്തപുരം – 695001 വിലാസത്തിലും വിവരങ്ങൾ നൽകാം. ജനങ്ങളിൽനിന്ന് ലഭിക്കുന്ന വിവരങ്ങളുടെ ഫീൽഡ്തല പരിശോധനാ നടപടി തദ്ദേശസ്ഥാപനതലത്തിൽ സ്വീകരിക്കും.

നിർദേശങ്ങളും നിവേദനങ്ങളും സ്വീകരിക്കാനുള്ള വിലാസവും വിശദാംശങ്ങൾ കൈമാറേണ്ട മാതൃകയും http://www.kerala.gov.in/subdetail/MTAzNDg5MDcyLjl4/MjlwNjM2NjAuMDg= ലിങ്കിൽ ലഭിക്കും. കേരള സർക്കാർ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, തദ്ദേശവകുപ്പ് എന്നിവയുടെ വെബ്സൈറ്റിലും റിപ്പോർട്ടിന്റെ വിശദാംശങ്ങൾ ലഭിക്കും.