അർജൻ്റീനയുടെ ജഴ്സിക്ക് വൻ ഡിമാൻ്റ്, പല രാജ്യങ്ങളിലും കിട്ടാനില്ല

0
140

ഖത്തറിൽ തൻ്റെ ആദ്യ ലോകകപ്പ് സ്വന്തമാക്കാൻ ലയണൽ മെസ്സി സ്വപ്നം നെയ്യുമ്പോൾ സ്‌പോർട്‌സ് വസ്‌ത്ര ഭീമനായ അഡിഡാസ് പുറത്തിറക്കുന്ന അർജൻ്റീനയുടെ ജഴ്സികൾക്ക് ദൗർലഭ്യം നേരിടുന്നതായി റിപ്പോർട്ടുകൾ. ജർമ്മൻ സ്പോർട്സ് വെയർ നിർമ്മാതാക്കളായ അഡിഡാസിൻ്റെ അർജൻ്റീനിയൻ ജഴ്സികൾക്ക് ആഗോളവ്യാപകമായി വൻ ഡിമാൻ്റാണ് ഉയർന്നിരിക്കുന്നതെന്ന് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഞായറാഴ്ച ഫ്രാൻസിനെതിരായ അർജൻ്റീനയുടെ ലോകകപ്പ് ഫൈനലിന് മുന്നോടിയായി ഇക്കാര്യം ചൂണ്ടിക്കാട്ടി അഡിഡാസ് രംഗത്തെത്തിയിരിക്കുകയാണ്. അർജൻ്റീനിയൻ ജഴ്സികൾക്ക് വൻ ഡിമാൻ്റാണ് പ്രാദേശിക വിപണികളിലുള്ളതെന്നും അഡിഡാസ് വ്യക്തമാക്കുന്നു. അർജൻ്റീന കപ്പ് സ്വന്തമാക്കുവാൻ സാധ്യത നിലനിൽക്കുന്നതിനാൽ ജഴ്സികളുടെ ഉത്പാദനം വർദ്ധിപ്പിക്കാനുള്ള നീക്കങ്ങളും അഡിഡാസ് ആരംഭിച്ചിട്ടുണ്ട്.

“ലോകമെമ്പാടുമുള്ള, അഡിഡാസിൻ്റെ അർജൻ്റീന ലോകകപ്പ് ജേഴ്സികൾക്ക് അസാധാരണമായ ഡിമാൻഡാണ് ഏർപ്പെട്ടിരിക്കുന്നത്. ചില രാജ്യങ്ങളിൽ ഞങ്ങൾക്ക് സ്റ്റോക്ക് വളരെ കുറവാണ്”- അഡിഡാസ് ബ്രാൻ്റിൻ്റെ വക്താവ് റോയിട്ടേഴ്സിനോട് വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ ആരാധകർക്ക് കൂടുതൽ ജേഴ്‌സികൾ ലഭ്യമാക്കുന്നതിനായി കമ്പനി പ്രവർത്തിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. അർജൻ്റീനയുടെ ആരാധകർക്ക് അവരുടെ പ്രിയ ടീമിൻ്റെ വിജയം അഡിഡാസിനൊപ്പം ആഘോഷിക്കാൻ കഴിയുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ഖത്തറിൽ നടന്ന ടൂർണമെൻ്റിൽ അഡിഡാസ് സ്‌പോൺസർ ചെയ്‌ത ഒരേയൊരു ടീം മാത്രമാണ് പ്രീ ക്വാർട്ടർ കടന്നത്. അത് അർജൻ്റീനയായിരുന്നു. എന്നിട്ടും 2018 റഷ്യയിൽ നടന്ന ലോകകപ്പിനെ അപേക്ഷിച്ച് കമ്പനിയുടെ ഉത്പന്നങ്ങൾക്ക് ഡിമാൻഡ് വർദ്ധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകമെമ്പാടും അഡിഡാസിൻ്റെ അർജൻ്റീനിയൻ ജഴ്സികൾക്ക് ഉയർന്ന ഡിമാൻഡാണ് അനുഭവപ്പെടുന്നത്. അർജൻ്റീനിയൻ ജഴ്സികൾക്ക് മാത്രമല്ല സ്പോർട്സ് ഉത്പന്നങ്ങൾക്കും ആവശ്യക്കാരേറെയുണ്ട്. ഈ വർഷം ഫുട്ബോൾ വിൽപ്പന 30% വർദ്ധിച്ചതായും അദ്ദേഹം പറഞ്ഞു.

അഡിഡാസ് സ്പോൺസർ ചെയ്ത പ്രമുഖ ടീമായ ജർമ്മനി ഗ്രൂപ്പ് ഘട്ടത്തിൽത്തന്നെ പുറത്തായിരുന്നു. നോക്കൗട്ട് ഘട്ടത്തിൽ സ്‌പോൺസർ ചെയ്‌ത ഏഴ് ടീമുകളിൽ മൂന്നെണ്ണം മാത്രമേ എത്തിയിരുന്നുള്ളു. അതിൽ അർജൻ്റീന മാത്രമാണ് ക്വാർട്ടർ ഫെെനലിൽ എത്തിയത്. 400 മില്യൺ യൂറോയാണ് (424.12 ദശലക്ഷം ഡോളർ) അഡിഡാസ് ഖത്തർ ലോകകപ്പിനായി മുടക്കുന്നത്. എന്നാൽ മറ്റു രാജ്യങ്ങൾ ടൂർണ്ണമെൻ്റിൽ നിന്നും പുറത്തു പോയതിൻ്റെ വിഷമങ്ങൾ അർജൻ്റീനയുടെ ഫെെനലിലേക്കുളള പ്രവേശനം നികത്തുമെന്നു തന്നെയാണ് പ്രതീക്ഷ.