നിപാ പകർച്ചവ്യാധി വേളയിൽ സർക്കാർ പ്രഖ്യാപിച്ച ഐസൊലെഷൻ വാർഡുകളുടെ ഉദ്‌ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി

0
67

നിപാ പകർച്ചവ്യാധി വേളയിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഐസൊലെഷൻ വാർഡുകളുടെ സംസ്ഥാന തല ഉദ്‌ഘാടനം കോഴിക്കോട്ട്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കോഴിക്കോട്‌ ഗവ. മാനസികാരോഗ്യ കേന്ദ്രം ഉൾപ്പെടെ സംസ്ഥാനത്തെ പത്ത്‌ ഐസൊലേഷൻ വാർഡുകളാണ്‌ മുഖ്യമന്ത്രി ഉദ്‌ഘാടനംചെയ്‌തത്‌. ആർദ്രം മിഷനിലൂടെ കേരളത്തിലെ ആരോഗ്യ മേഖലയുടെ ശേഷി വർധിപ്പിക്കാനായെന്ന്‌ എസ്‌ കെ പൊറ്റെക്കാട്ട്‌ ഹാളിൽ ചേർന്ന ചടങ്ങിൽ പിണറായി പറഞ്ഞു.

കോവിഡ്‌ പ്രതിരോധത്തിൽ നമുക്ക്‌ ലോകമാതൃക സൃഷ്‌ടിക്കാനായി. ആർദ്രം മിഷനിലൂടെ വർധിപ്പിച്ച ആരോഗ്യ മേഖലയുടെ ശേഷിയെ കോവിഡിന്‌ മറികടക്കാനായില്ല. സാമ്പത്തികമായി വളരെ മുന്നിൽ നിൽക്കുന്ന വികസിത രാഷ്‌ട്രങ്ങളടക്കം മഹാമാരിക്കുമുന്നിൽ മുട്ടുകുത്തി. അത്തരമൊരു ദുരനുഭവം ഇവിടെയുണ്ടായില്ല. നമ്മുടെ കിടക്കകളുടെ ആകെ ശേഷിയെ കോവിഡ്‌ മറികടന്നില്ല. ഓക്‌സിജൻ കിട്ടാത്ത പ്രശ്‌നമുണ്ടായില്ല. വെന്റിലേറ്റർ ഒഴിഞ്ഞുകിടന്നു. നാടാകെ ഒന്നിച്ചുനിന്നതിന്റെ ഭാഗമായി സംഭവിച്ചതാണത്‌.

പകർച്ചവ്യാധികൾ ഇനിയും വന്നാൽ പ്രതിരോധിക്കാനുള്ള സൗകര്യമാണ്‌ ഒരുക്കുന്നത്‌. രോഗം സ്ഥിരീകരിക്കുന്നയാളെ ഐസൊലേറ്റ്‌ ചെയ്‌ത്‌ മുളയിൽത്തന്നെ കാര്യം മനസ്സിലാക്കി നടപടിയെടുക്കാനാകും. പകർച്ചവ്യാധി ഭീഷണിയില്ലാത്ത ഘട്ടങ്ങളിൽ ആവശ്യമായ ചികിത്സാ സൗകര്യത്തിനായി ഐസൊലേഷൻ വാർഡുകൾ ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.