Monday
22 December 2025
28.8 C
Kerala
HomeKeralaജനുവരി ഒന്ന് മുതല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ പഞ്ചിംഗ് സംവിധാനം

ജനുവരി ഒന്ന് മുതല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ പഞ്ചിംഗ് സംവിധാനം

സര്‍ക്കാര്‍ ഓഫീസുകളില്‍ ജനുവരി ഒന്ന് മുതല്‍ പഞ്ചിംഗ് സംവിധാനം കര്‍ശനമായി നടപ്പാക്കാന്‍ ചീഫ് സെക്രട്ടറിയുടെ അന്ത്യശാസനം. ബയോമെട്രിക് പഞ്ചിംഗ് ഉറപ്പാക്കണമെന്ന് ചീഫ് സെക്രട്ടറി നിര്‍ദ്ദേശം നല്‍കി. സെക്രട്ടേറിയറ്റിലും കളക്ട്രേറ്റിലും വകുപ്പ് മേധാവികളുടെ ഓഫീസിലും പഞ്ചിംഗ് നടപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഇത് സംബന്ധിച്ച മുന്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാകാത്ത സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശം. സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യക്ഷമത ഉറപ്പുവരുത്താന്‍ ഇത് അനിവാര്യമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി.

നേരത്തെ, സര്‍ക്കാര്‍ ഓഫീസുകളിലെ ബയോമെട്രിക് പഞ്ചിങ് സമ്പ്രദായം ശമ്പള സോഫ്റ്റ്വെയറായ സ്പാര്‍ക്കുമായി ബന്ധിപ്പിക്കാന്‍ ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കിയിരുന്നു. സെക്രട്ടേറിയറ്റിലടക്കം ജീവനക്കാരുടെ ഹാജര്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതോടെ പതിവായി വൈകിയെത്തുന്നവര്‍ക്ക് ശമ്പളമോ അവധിയോ നഷ്ടമാകും. പ്രവൃത്തിസമയത്ത് ജീവനക്കാര്‍ സീറ്റിലുണ്ടെന്ന് ഉറപ്പാക്കുകയായിരുന്നു സര്‍ക്കാര്‍ ലക്ഷ്യം. സെക്രട്ടേറിയറ്റില്‍ ഓരോ ബ്ലോക്കിലും അക്‌സസ് കണ്‍ട്രോള്‍ സമ്പ്രദായം സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായിരുന്നു. സ്പാര്‍ക്ക് മുഖേന ശമ്പളം നല്‍കുന്ന മറ്റു സര്‍ക്കാര്‍ ഓഫീസുകളിലും പഞ്ചിങ് സമ്പ്രദായം നിലവിലുണ്ടെങ്കിലും പലയിടത്തും ഇതിനെ ശമ്പളവിതരണ സോഫ്റ്റ്വെയറുമായി ബന്ധിപ്പിച്ചിട്ടില്ല. ഇതുകാരണം കൃത്യമായി പഞ്ച് ചെയ്തില്ലെങ്കിലും ജീവനക്കാരുടെ അവധിയെയോ ശമ്പളത്തെയോ ബാധിച്ചിരുന്നില്ല.

രാവിലെയും വൈകിട്ടുമായി ഓരോ മാസവും അനുവദിച്ചിട്ടുള്ള സമയ ഇളവിന്റെ പരിധി കഴിഞ്ഞാല്‍ അവധിയായി കണക്കാക്കാനായിരുന്നു തീരുമാനം. അവധി പരിധിവിട്ടാല്‍ ശമ്പളം പോവുകയും ചെയ്യും. എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും എല്ലായിടത്തും ഇത് ഫലപ്രദമായി നടപ്പാക്കാനായിട്ടില്ല. മാത്രമല്ല, പഞ്ചിങ് നടപ്പാക്കിയ മിക്ക ഓഫീസുകളിലും അതിനെ സ്പാര്‍ക്കുമായി ബന്ധിപ്പിച്ചിട്ടുമില്ല. വൈകിയെത്തുന്നവര്‍ക്കും നേരത്തെ പോകുന്നവര്‍ക്കും ജോലിക്കെത്തിയശേഷം മുങ്ങുന്നവര്‍ക്കും മേലുദ്യോഗസ്ഥര്‍ എതിര്‍ത്തില്ലെങ്കില്‍ നിലവില്‍ ശമ്പളത്തെ യാതൊരുവിധത്തിലും ബാധിച്ചിരുന്നില്ല. സ്പാര്‍ക്കുമായി ബന്ധിപ്പിച്ചാല്‍ പിടിവീഴുമെന്ന് കണ്ട് പല ഓഫീസുകളും അതിന് തയാറായിരുന്നില്ല. ഇതു സംബന്ധിച്ച് വ്യാപക പരാതി ഉയര്‍ന്നതോടെയാണ് പഞ്ചിങ്ങും സ്പാര്‍ക്കും ബന്ധിപ്പിക്കാന്‍ ചീഫ് സെക്രട്ടറി വീണ്ടും ഉത്തരവിറക്കിയിരുന്നു. ഇതും നടപ്പായിരുന്നില്ല.

പഞ്ചിങ് സ്പാര്‍ക്കുമായി ബന്ധിപ്പിച്ചാല്‍

– വൈകിയെത്തിയാലും ഒരു മാസം 300 മിനിറ്റ് ഗ്രേസ് ടൈം ലഭിക്കും. ദിവസം പരാമവധി 60 മിനിറ്റ്.
– ഒരു മാസം 16 മുതല്‍ അടുത്ത മാസം 15വരെയാകും ഗ്രേസ് ടൈം കണക്കാക്കുക.
– അവധി അപേക്ഷകള്‍ സ്പാര്‍ക്കിലൂടെ നല്‍കണം. ഇല്ലെങ്കില്‍ അനധികൃതമായി ഹാജരാകാതിരുന്നതായി കണക്കാക്കി ശമ്പളം കുറയ്ക്കും. പിന്നീട് ഈ ദിവസത്തേക്ക് അവധി അപേക്ഷിച്ചാല്‍ ശമ്പളം തിരികെ ലഭിക്കും.
-ഗ്രേസ് ടൈം ഉപയോഗിച്ചുകഴിഞ്ഞ ശേഷവും താമസിച്ചുവരികയും നേരത്തെ പോവുകയും ചെയ്താല്‍ അനധികൃതമായി ഹാജരാകാതിരുന്നതായി കണക്കാക്കി ആ ദിവസത്തെ ശമ്പളം കുറയ്ക്കും.
– ഒരു ദിവസം 7 മണിക്കൂറാണ് ജോലിസമയം. ഒരുമാസം 10 മണിക്കൂറിലേറെ അധിക ജോലി ചെയ്താല്‍ ഒരു ദിവസം കോംപന്‍സേറ്ററി ഓഫ് എടുക്കാം.
– ഒറ്റത്തവണ മാത്രമുള്ള പഞ്ചിങ് അവധിയായി ക്രമീകരിക്കാനേ കഴിയൂ.

RELATED ARTICLES

Most Popular

Recent Comments