പരുക്കേറ്റ് ടീമിന് പുറത്തായ ഫ്രാൻസ് സൂപ്പർ താരം ബെൻസെമ കഴിഞ്ഞ ദിവസം പരിശീലനം ആരംഭിച്ചിരുന്നു. അർജന്റീനക്കെതിരെ ഫൈനലിന് തയ്യാറെടുക്കുന്ന ഫ്രാൻസ് ടീമിലേക്ക് കരീം ബെൻസെമയെത്തുമോ? മടങ്ങിവരവ് സംബന്ധിച്ച വാർത്തകൾ സ്പാനിഷ് മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. താരം പരിശീലിക്കുന്ന ദൃശ്യങ്ങൾ റയൽ മാഡ്രിഡ് എഫ്.സി പങ്കുവെക്കുകയും ചെയ്തു.
ബെന്‍സേമയുടെ ഏറ്റവും സ്വപ്നമായിരുന്നു 2022 ലോകകപ്പില്‍ കളിക്കുക എന്നത്. എന്നാല്‍, പരുക്ക് വില്ലനായി എത്തിയതോടെ ലോകകപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് താരം പുറത്തായത്. എന്നാലിപ്പോള്‍ പരുക്കില്‍ നിന്ന് മോചിതനായ ബെന്‍സേമയെ ലോകകപ്പ് ടീമില്‍ വീണ്ടും ഉള്‍പ്പെടുത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
ഇതു സംബന്ധിച്ച ചോദ്യങ്ങളോട് പരിശീലകന്‍ ദിദയെര്‍ ദെഷാംസ് മൗനം പാലിച്ചതും ഇക്കാര്യം ഉറപ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ബെന്‍സേമ കളിക്കുമോ എന്ന ചോദ്യമുയര്‍ന്നപ്പോള്‍ അതിനെക്കുറിച്ച് ഞാനൊന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല, ക്ഷമിക്കണം, അടുത്ത ചോദ്യം ചോദിക്കൂ എന്നായിരുന്നു ദെഷാംസിന്‍റെ മറുപടി.
ഏതുസമയവും അദ്ദേഹത്തിന്റെ മടങ്ങിവരവ് പ്രതീക്ഷിക്കാം എന്ന കണക്ക്കൂട്ടലിലാണ് പകരക്കാരനെ തീരുമാനിക്കാത്തതെന്നായിരുന്നു ദെഷാംസ് അന്ന് പറഞ്ഞിരുന്നത്. മൊറോക്കോയ്‌ക്കെതിരായ സെമിയിലേക്ക് ബെൻസെമ എത്തുമെന്ന് പ്രചാരണമുണ്ടായിരുന്നുവെങ്കിലും അത് നടന്നില്ല.
മെസിക്കും സംഘത്തിനുമെതിരായ ആക്രമണത്തിന്റെ മൂർച്ച കൂട്ടാൻ ബെൻസെമയും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ടീം തന്ത്രത്തിന്റെ ഭാഗമായാണ് പരിശീലകൻ ഇതിനുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിടാത്തതാണെന്നാണ് സമൂഹമാധ്യമങ്ങളിലെ സംസാരം.