കൂടത്തായി റോയ് വധക്കേസില്‍ ജോളിയുടെ വിടുതല്‍ ഹര്‍ജി തള്ളി

0
76

കോഴിക്കോട്ടെ കൂടത്തായി റോയ് വധക്കേസില്‍ ഒന്നാം പ്രതി ജോളിയുടെ വിടുതല്‍ ഹര്‍ജി തള്ളി. മാറാട് പ്രത്യേക കോടതിയാണ് ഹര്‍ജി തളളിയത്. ആദ്യ ഭര്‍ത്താവ് റോയ് തോമസിനെ കടലക്കറിയിലും വെള്ളത്തിലും സോഡിയം സയനൈഡ് കലര്‍ത്തി ജോളി കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം. കൊലപാതകം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന, തെളിവ് നശിപ്പിക്കല്‍, വിഷം കൈവശം സൂക്ഷിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ജോളിക്കെതിരെ ചുമത്തിയിരിക്കുന്നത്.

കേസില്‍ 246 സാക്ഷികളാണുള്ളത്. 8000 പേജുള്ള കുറ്റപത്രമാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. കേസില്‍ ഈ മാസം 24 ന് വിചാരണ നടപടികള്‍ക്ക് തുടക്കമാവും. സ്വന്തം കുടുംബത്തിലെ ആറ് പേരെ ജോളി ജോസഫ് കൊലപ്പെടുത്തിയെന്നതാണ് പൊലീസ് കണ്ടെത്തിയത്.

വിദ്യാഭ്യാസ വകുപ്പിലെ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥന്‍ ടോം തോമസ്, ഭാര്യ അന്നമ്മ തോമസ്, മകന്‍ റോയ് തോമസ്, അന്നമ്മയുട സഹോദരനായ മാത്യു മഞ്ചാടിയില്‍, ജോളിയുടെ ഭര്‍ത്താവ് ഷാജു സ്‌കറിയുടെ ആദ്യ ഭാര്യ സിലി, മകള്‍ രണ്ട് വയസ്സുളള ആല്‍ഫൈന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. 2002 മുതല്‍ 2016 വരെയുളള കാലഘട്ടത്തിലായിരുന്നു കൊലപാതക പരമ്പര.