പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്ന് സൂപ്രണ്ട്

0
67

വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട്. ശസ്ത്രക്രിയ കുടുംബത്തെ അറിയിച്ചില്ലെന്ന പരാതിയില്‍ വിശദീകരണം നല്‍കിയെന്നും സൂപ്രണ്ട് പറഞ്ഞു. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ വിവരങ്ങള്‍ യഥാസമയം തങ്ങളെ അറിയിച്ചില്ലെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.

ആരോഗ്യ വിവരങ്ങള്‍ ബന്ധുക്കളെ അറിയിച്ചില്ലെന്നത് ചികിത്സാ പിഴവിന്റെ പരിധിയില്‍ വരുമെന്ന് കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് മേധാവിയും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആരോഗ്യവിവരം അറിയിക്കുന്നതില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് സൂപ്രണ്ടിന്റെ വിശദീകരണം. അനസ്‌തേഷ്യ നല്‍കിയത് കൃത്യമായിരുന്നു. ശസ്ത്രക്രിയ തുങ്ങി ഒരു മണിക്കൂറിന് ശേഷമാണ് അപര്‍ണയുടെ രക്തസമ്മര്‍ദവും ഹൃദയമിടിപ്പും ഉയര്‍ന്നത്. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ അന്വേഷണ കമ്മിഷന്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാരുടെ മൊഴിയെടുത്തു. രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് വല്‍കും. ഇതിന് ശേഷം സര്‍ക്കാരാകും ഡോ.തങ്കു കോശിക്കെതിരായ നടപടിയില്‍ അന്തിമ തീരുമാനമെടുക്കുക.

ഡോക്ടര്‍മാര്‍ക്ക് ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്നും ശസ്ത്രക്രിയ നടത്തിയത് പരിചയ സമ്പന്നരായ ഡോക്ടേഴ്സാണെന്നുമാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. വിദഗ്ധ ചികിത്സ നല്‍കുന്നതില്‍ കാലതാമസം ഉണ്ടായിട്ടില്ല. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ വിവരങ്ങള്‍ ബന്ധുക്കളെ അറിയിക്കുന്നതില്‍ വീഴ്ചയുണ്ടായി. പ്രസവ സമയത്ത് തന്നെ കുഞ്ഞ് മരിച്ചിരുന്നുവെന്നും അപര്‍ണയ്ക്ക് നട്ടെല്ലിന് പ്രശ്നമുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തില്‍ സീനിയര്‍ ഗൈനക്കോളജിസ്റ്റ് ഡോക്ടര്‍ തങ്കു കോശിക്കെതിരെ നടപടിയെടുത്തിരുന്നു. ഡോക്ടറോട് രണ്ടാഴ്ച നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. ശസ്ത്രക്രിയുടെ സമയത്ത് ഡോക്ടര്‍ ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പരാതി ഉന്നയിച്ചിരുന്നു.