Friday
19 December 2025
21.8 C
Kerala
HomeKeralaസര്‍വകലാശാല നിയമഭേദഗതി ബില്‍ നിയമസഭ പാസാക്കി

സര്‍വകലാശാല നിയമഭേദഗതി ബില്‍ നിയമസഭ പാസാക്കി

സര്‍വകലാശാല നിയമഭേദഗതി ബില്‍ നിയമസഭ പാസാക്കി. ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കം ചെയ്യാനുള്ള ബില്ലാണ് നിയമസഭ പാസാക്കിയത്. പ്രതിപക്ഷം ഇക്കാര്യത്തില്‍ കൊണ്ടുവന്ന ചില ഭേദഗതികള്‍ നിയമസഭ അംഗീകരിച്ചു.

ചാന്‍സലര്‍ നിയമനത്തിന് സമിതി രൂപീകരിക്കും. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, സ്പീക്കര്‍ എന്നിവരടങ്ങുന്ന സമിതി ആകാമെന്ന് നിയമമന്ത്രി പി രാജീവ് പറഞ്ഞു. സ്പീക്കറെ പരിഗണിക്കുന്നത് സ്വാഗതം ചെയ്യുന്നു. എന്നാല്‍ സുപ്രിംകോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയേയോ ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ചീഫ് ജസ്റ്റിസിനേയോ ചാന്‍സലറാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.

ഭരണഘടനയില്‍ പറയാത്ത ഉത്തരവാദിത്തില്‍ നിന്ന് ഗവര്‍ണറെ ഒഴിവാക്കാനാണ് നിയമനിര്‍മാണമെന്നാണ് സര്‍ക്കാരിന്റെ വാദം. 14 സര്‍വകലാശാലകളിലെയും ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് പകരമായി വിദ്യാഭ്യാസ രംഗത്തെ വിദഗ്ധരെ ഈ സ്ഥാനത്തേക്ക് കൊണ്ടുവരും. ഒരേ സ്വഭാവമുള്ള സര്‍വകലാശാലകള്‍ക്ക് ഒരു ചാന്‍സലറാകും ഉണ്ടാകുക.

പ്രതിപക്ഷ ഭേദഗതിക്ക് ഭാഗികമായ അംഗീകാരമാണ് നിയമസഭയില്‍ ലഭിച്ചത്. സബ്ജക്ട് കമ്മിറ്റിക്ക് അയച്ച ബില്‍ ഇന്ന് രാവിലെയാണ് സഭയില്‍ അവതരിപ്പിച്ചത്. ബില്ലില്‍ സബ്ജക്ട് കമ്മിറ്റി ചില ഭേദഗതികള്‍ നിര്‍ദേശിച്ചിരുന്നു. വൈസ് ചാന്‍സലറുടെ സ്ഥാനം ഒഴിവുവന്നാല്‍ എങ്ങനെ നികത്തുമെന്നതായിരുന്നു പ്രധാനമായും ഉയര്‍ത്തികാണിക്കപ്പെട്ട പ്രശ്‌നം. ഇതില്‍ പ്രോട്ടോക്കോള്‍ പ്രശ്‌നങ്ങള്‍ പ്രതിപക്ഷം ചൂണ്ടിക്കാണിച്ചിരുന്നു.

ചാന്‍സലറെ തെരഞ്ഞെടുക്കാന്‍ സമിതി വന്നാല്‍ പ്രോട്ടോക്കോള്‍ പ്രശ്‌നം വരില്ലെന്നും അമിത രാഷ്ട്രീയ വത്ക്കരണം ഒഴിവാക്കാമെന്നുമുള്ള നിര്‍ദേശമാണ് പ്രതിപക്ഷം മുന്നോട്ടുവച്ചത്. ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കണമെന്ന് സഭയില്‍ പി കെ കുഞ്ഞാലിക്കുട്ടി ആവര്‍ത്തിച്ചു. ബില്‍ പാസാക്കിയ സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു.

RELATED ARTICLES

Most Popular

Recent Comments