കര്‍ണാടകയില്‍ ആദ്യ സിക വൈറസ് ബാധ റിപ്പോര്‍ട്ടു ചെയ്തു

0
82

കര്‍ണാടകയില്‍ ആദ്യ സിക വൈറസ് ബാധ റിപ്പോര്‍ട്ടു ചെയ്തു. റായ്ച്ചൂര്‍ ജില്ലയിലെ മാന്‍വിയില്‍ അഞ്ചുവയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയോ കുടുംബാംഗങ്ങളോ പുറത്തേക്ക് യാത്രകള്‍ നടത്തിയിരുന്നില്ല. ഗ്രാമത്തിലെ ഒറ്റപ്പെട്ട സ്ഥലത്താണ് ഇവര്‍ താമസിച്ചിരുന്നത്. കുടുംബത്തിലെ അഞ്ച് അംഗങ്ങളുടെയും രക്തസാമ്പിളുകളും സെറം സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചെന്നും മറ്റാര്‍ക്കും സിക സ്ഥിരീകരിച്ചിട്ടില്ലെന്നും കര്‍ണാടക ആരോഗ്യമന്ത്രി ഡോ. കെ. സുധാകര്‍ പറഞ്ഞു.

കേരളം, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് സിക നേരത്തെ സിക വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും കര്‍ണാടകയിലെ ആദ്യത്തെ കേസാണിത്. പനി ബാധിച്ച കുട്ടിയുടെ സെറം ഡെങ്കിപ്പനിക്കും ചിക്കുന്‍ഗുനിയയ്ക്കും വേണ്ടിയാണ് ആദ്യം പരിശോധിത്. ഇവ കണ്ടെത്താത്തതിനെ തുടര്‍ന്ന് പൂനെയിലെ വൈറോളജി ലാബിലേക്ക് അയയ്ക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ സ്ഥിതിഗതികള്‍ ജാഗ്രതയോടെ നിരീക്ഷിച്ചു വരികയാണെന്നും ഡോ സുധാകര്‍ പറഞ്ഞു. പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും സിക വൈറസിനെ നേരിടാന്‍ ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ ബെംഗളൂരുവില്‍ നിന്നും കൊല്‍ക്കത്തയില്‍ നിന്നും രണ്ട് വിദഗ്ധ സംഘങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്.

എന്താണ് സിക വൈറസ് ?

കൊതുകുകളിലൂടെ പകരുന്ന ഫല്‍വിവൈറസാണ് സിക വൈറസ്. 1947 ല്‍ ഉഗാണ്ടയിലെ കുരങ്ങുകളിലാണ് ഈ വൈറസ് ആദ്യമായി കണ്ടെത്തുന്നത്. തുടര്‍ന്ന് 1952 ല്‍ മനുഷ്യരിലും കണ്ടെത്തി. ആഫ്രിക്ക, അമേരിക്ക, ഏഷ്യ, ബ്രസീല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ സിക വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.

രോഗ ലക്ഷണങ്ങള്‍ ?

പനി, ശരീരത്തില്‍ ചുവന്ന പാടുകള്‍, കണ്ണിന് ചുവന്ന നിറം, സന്ധി വേദന, പേശി വേദന, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.സിക വൈറസ് ശരീരത്തില്‍ പ്രവേശിച്ച് 3 മുതല്‍ 14 ദിവസത്തിന് ശേഷം മാത്രമേ രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുകയുള്ളു. എന്നാല്‍ എല്ലാവരിലും രോഗലക്ഷണങ്ങള്‍ പ്രകടമാകണമെന്നില്ല. ചിലരില്‍ ലക്ഷണങ്ങളൊന്നും ഉണ്ടാകാറില്ല. അത് തന്നെയാണ് ഈ രോഗത്തിന്റെ അപകടവും.