ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ മൊറൊക്കോയോട് തോൽവി ഏറ്റുവാങ്ങി പോർച്ചുഗൽ പുറത്തേക്ക്. ക്രിസ്‌റ്റ്യാനോ റൊണാൾഡോയെ പുറത്തിരുത്തി ആദ്യ ഇലവൻ പ്രഖ്യാപിച്ച സന്റോസിന്റെ തന്ത്രങ്ങൾ പാടേ പാളിയ മത്സരത്തിൽ യൂസഫ് എൻ നെയ്‌സാരിയുടെ ഒറ്റ ഗോളിലാണ് യൂറോ കപ്പ് ചാമ്പ്യന്മാരുടെ തലക്കനവുമായി എത്തിയ പോർച്ചുഗലിനെ മൊറോക്കോ നാട്ടിലേക്ക് മടക്കിയത്.
ഫിഫ ലോകകപ്പിന്റെ സെമിയിലെത്തുന്ന ആദ്യത്തെ ആഫ്രിക്കൻ രാജ്യമെന്ന ചരിത്രനേട്ടവും മൊറോക്കോയുടെ ചുണക്കുട്ടികൾ സ്വന്തമാക്കി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഫുട്‍ബോളർമാരിൽ ഒരാളായ, അന്താരാഷ്‌ട്ര മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ സ്വന്തം പേരിൽ കുറിച്ചിട്ടുള്ള റൊണാൾഡോയെ വിശ്വാസത്തിൽ എടുക്കാത്ത കോച്ച് സാന്റോസിന്റെ പിടിവാശിയാണ് ഒരു തരത്തിൽ പോർച്ചുഗലിനെ തോൽവിയിലേക്ക് നയിച്ചത്.
മത്സരത്തിൽ കഴിഞ്ഞ കളിയിലെ താരമായ ഗോൺസാലോ റാമോസിനെ ആദ്യ ഇലവനിൽ ഇറക്കിയ ടീമിന് തുടക്കം മുതൽ താളം കണ്ടെത്താൻ നന്നായി വിയർക്കേണ്ടി വന്നു. ടൂർണമെന്റിൽ ആകെ ഒരു ഗോൾ മാത്രം വഴങ്ങിയിട്ടുള്ള മൊറോക്കോയുടെ ആഫ്രിക്കൻ പ്രതിരോധ നിരയെ മറികടക്കാൻ താരതമ്യേന പരിചയക്കുറവുള്ള പോർച്ചുഗലിന്റെ മുന്നേറ്റ നിരയ്ക്ക് കഴിയാതെ വന്നപ്പോഴാണ് റൊണാൾഡോയെ പോലൊരു താരത്തെ പുറത്തിരുത്തിയ തീരുമാനം ചോദ്യം ചെയ്യപ്പെടുന്നത്.
ലോങ്ങ് ബോളുകൾ കേന്ദ്രീകരിച്ചുള്ള പോർച്ചുഗൽ ആക്രമണത്തെ സമർത്ഥമായി പ്രതിരോധിച്ച മൊറോക്കൻ പ്രതിരോധ നിര കൈയ്യടി അർഹിക്കുന്നു. അതിനൊപ്പം ഹക്കിം സിയാച്ചിനെ പോലെയൊരു ടോപ് ക്വാളിറ്റി മിഡ്‌ഫീൽഡറുടെ സാന്നിധ്യം കൂടിയായപ്പോൾ അക്ഷരാർത്ഥത്തിൽ പോർച്ചുഗലിനെ അവർ കാഴ്ച്ചക്കാരാക്കി.
ഒടുവിൽ ആദ്യ പകുതിയുടെ അവസാന സമയത്ത് 42ആം മിനിറ്റിൽ മത്സരഫലം തീരുമാനിച്ച നെയ്‌സാരിയുടെ ഗോളും പിറന്നു. പിന്നീട് രണ്ടാം പകുതിയിലാണ് റൊണാൾഡോയെ പരിശീലകൻ കളത്തിലിറക്കിയത്. അപ്പോഴേക്കും മത്സരം ഏതാണ്ട് മൊറോക്കോയുടെ കൈപ്പിടിയിൽ ഒതുങ്ങിയിരുന്നു എന്ന് വേണം പറയാൻ. അവസാന ലോകകപ്പ് മറക്കാൻ ആഗ്രഹിക്കുന്ന ഒന്നായി ക്രിസ്‌റ്റ്യാനോയ്ക്കും മാറിയെന്നതാണ് ദൗർഭാഗ്യകരമായ വസ്‌തുത.
അതേസമയം, ഡിസംബർ 15ആം തീയതി നടക്കുന്ന സെമി ഫൈനലിൽ ഇംഗ്ലണ്ട്-ഫ്രാൻസ് മത്സര വിജയികളെയാവും മൊറോക്കോ നേരിടുക. പ്രവചനകൾക്ക് അതീതമായ, അപ്രതീക്ഷിത മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന ഖത്തറിലെ ലോകകപ്പ് പുതിയൊരു കിരീടാവകാശിയെ സമ്മാനിക്കുമോ എന്നത് ഡിസംബർ 18ന് അറിയാം. മൊറോക്കോയോ, ക്രൊയേഷ്യയോ ഇക്കുറി കിരീടം നേടുകയാണെങ്കിൽ എക്കാലവും ഓർമ്മിപ്പിക്കപ്പെടുന്ന ലോകകപ്പായി മാറും ഇതെന്ന് ഉറപ്പാണ്