182 അംഗ ഗുജറാത്ത് അസംബ്ലിയിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട 40 എംഎൽഎമാർക്കെതിരെ ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് റിപ്പോർട്ട്. സ്ഥാനാർത്ഥികൾ നൽകിയ സത്യവാങ്മൂലത്തിൻ്റെ അടിസ്ഥാനത്തിൽ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) ആണ് റിപ്പോർട്ട് തയ്യാറാക്കിയത്.
29 അംഗങ്ങൾ കൊലപാതകശ്രമം, ബലാത്സംഗം തുടങ്ങിയ ഗുരുതരമായ ക്രിമിനൽ കേസുകൾ നേരിടുന്നുണ്ടെന്ന് എഡിആർ വിശകലനം വ്യക്തമാക്കുന്നു. ഇതിൽ 20 പേർ ബിജെപിയുടെയും നാലു പേർ കോൺഗ്രസിന്റെയും എംഎൽഎമാരാണ്. ആം ആദ്മി പാർട്ടി(2), സ്വതന്ത്രർ(2), സമാജ്‌വാദി പാർട്ടി(1).
എഡിആർ റിപ്പോർട്ട് അനുസരിച്ച് 156 ബിജെപി എംഎൽഎമാരിൽ 26 പേരും, 17 കോൺഗ്രസ് എംഎൽഎമാരിൽ 9 പേരും, അഞ്ചിൽ രണ്ട് എഎപി എംഎൽഎമാരും, മൂന്നിൽ രണ്ട് സ്വതന്ത്രരും തങ്ങൾക്കെതിരെ ക്രിമിനൽ കേസുകൾ നിലവിലുള്ളതായി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം സമാജ്‌വാദി പാർട്ടിയുടെ ഏക എംഎൽഎ കണ്ടാൽ ജഡേജയ്‌ക്കെതിരെയും ക്രിമിനൽ കേസ് നിലവിലുണ്ട്.
ഇത്തവണ വിജയിച്ച മൂന്ന് നേതാക്കൾ 307-ാം വകുപ്പ് പ്രകാരം വധശ്രമം പോലുള്ള ഗുരുതരമായ കേസുകൾ നേരിടുന്നുണ്ടെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസ് എംഎൽഎ വൻസ്‌ദ അനന്ത് പട്ടേൽ, പാടാൻ കിരിത് പട്ടേൽ, ബിജെപി എംഎൽഎ ഉന കാലുഭായ് റാത്തോഡ് എന്നിവരാണ് ഈ സ്ഥാനാർത്ഥികൾ. നാല് നിയമസഭാംഗങ്ങൾ സെക്ഷൻ 354 (സ്ത്രീകളെ അപമാനിക്കൽ) സെക്ഷൻ 376 (ബലാത്സംഗം) എന്നിവ പ്രകാരം സ്ത്രീകൾക്കെതിരായ കുറ്റങ്ങളുമായി ബന്ധപ്പെട്ട കേസുകൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നും പഠനം വെളിപ്പെടുത്തുന്നു.
ഈ നാല് പേരിൽ ബിജെപി എംഎൽഎ ജെത ഭർവാദിനെതിരെ ഐപിസി 354 വകുപ്പ് പ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. കോൺഗ്രസ് എംഎൽഎ ജിഗ്നേഷ് മേവാനി, ബിജെപി എംഎൽഎ ജനക് തലവ്യ, എഎപി എംഎൽഎ ചൈത്ര വാസവ എന്നിവർക്കെതിരെ ബലാത്സംഗ ആരോപണമുണ്ട്. അതേസമയം 2017നെ അപേക്ഷിച്ച് ഇത്തവണ ക്രിമിനൽ കേസ് നേരിടുന്ന എംഎൽഎമാരുടെ എണ്ണത്തിൽ കുറവുണ്ടായതായി എഡിആർ പഠനം പറയുന്നു. 2017ൽ 47 എംഎൽഎമാർക്കെതിരെ ക്രിമിനൽ കേസുകൾ ഉണ്ടയിരുന്നു.