മൊറോക്കോ-പോര്‍ച്ചുഗല്‍ ക്വാര്‍ട്ടര്‍ ഫൈനലിനുള്ള ലൈനപ്പായി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇത്തവണയും ആദ്യ ഇലവനിൽ ഇല്ല. കഴിഞ്ഞ കളിയില്‍ ക്രിസ്റ്റ്യാനോയ്ക്ക് പകരം സ്റ്റാര്‍ട്ടിംഗ് ഇലവനിലെത്തി ഹാട്രിക് തികച്ച ഗോണ്‍സാലോ റാമോസാണ് ഇന്നും സെന്‍ട്രല്‍ സ്ട്രൈക്കര്‍. ബ്രൂണോ ഫെര്‍ണാണ്ടസും യോ ഫെലിക്‌സുമാണ് മറ്റ് രണ്ട് മുന്നേറ്റക്കാര്‍. സ്വിസ് ടീമിനെ നേരിട്ട ഇലവനില്‍ നിന്ന് ഒരു മാറ്റം മാത്രമാണ് പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്‍റോസ് വരുത്തിയിരിക്കുന്നത്. വില്യം കാര്‍വാലിയോയ്ക്ക് പകരം മധ്യനിരയില്‍ റൂബന്‍ നെവസ് ടീമിലെത്തി.
രാത്രി 8.30ന് അൽ തുമാമ സ്റ്റേഡിയത്തിലാണ് മത്സരം.മറ്റൊരു മത്സരത്തിൽ ഫ്രാൻസ് ഇംഗ്ലണ്ടിനെ നേരിടും. രാത്രി 12.30ന് അൽബെയ്ത്ത് സ്റ്റേഡിയത്തിലാണ് മത്സരം. സെമി ഫൈനൽ ലക്ഷ്യം വച്ച് ഇരു മത്സരങ്ങളും തീ പാറുമെന്ന് ഉറപ്പ്.
കായിക ക്ഷമതയും വേഗവുമാണ് മൊറോക്കോ ടീമിൻറെ കരുത്ത്. തന്ത്രങ്ങളെ കളത്തിൽ ഫലിപ്പിക്കാൻ കഴിവുണ്ട് ടീമിന്. അഷ്റഫ് ഹക്കിമി നയിക്കുന്ന പ്രതിരോധവും ബൗഫലിൻറെ മധ്യനിരയും ഒരോ കളിയും മെച്ചപ്പെടുന്നുണ്ട്. മുന്നേറ്റത്തിൽ സിയേച്ചിൻറെ കാലിലാണ് പ്രതീക്ഷ.