കോഴിക്കോട് ജില്ലയില്‍ ആദ്യമായി ജപ്പാന്‍ ജ്വരം റിപ്പോര്‍ട്ട് ചെയ്തു

0
91

കോഴിക്കോട് ജില്ലയില്‍ ആദ്യമായി ജപ്പാന്‍ ജ്വരം റിപ്പോര്‍ട്ട് ചെയ്തു. വടകരയില്‍ താമസിക്കുന്ന പത്താം ക്ലാസ്സുകാരിക്കാണ് രോഗബാധ. രണ്ട് ദിവസം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന കുട്ടിയെ വാര്‍ഡിലേക്കു മാറ്റി. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃ- ശിശു സംരക്ഷണ കേന്ദ്രത്തിലാണ് കുട്ടി ചികിത്സയില്‍ കഴിയുന്നത്. ആഗ്ര സ്വദേശിനിയാണ് കുട്ടി. കുട്ടിയുടെ കുടുംബം രണ്ട് വര്‍ഷമായി വടകരയിലാണ് താമസം. കൂടുതല്‍ പരിശോധനകള്‍ക്കായി ആരോഗ്യ വകുപ്പിലെ സംഘം വടകരയിലെത്തി. നഗരസഭ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ആശ വര്‍ക്കര്‍മാരും ചേര്‍ന്ന് പ്രദേശത്ത് സര്‍വ്വെ തുടങ്ങി.

തലച്ചോറിന്റെ ആവരണത്തെ ബാധിക്കുന്ന കൊതുകുജന്യ രോഗമാണ് ജപ്പാന്‍ ജ്വരം അഥവാ ജാപ്പനീസ് എന്‍സെഫാലിറ്റിസ്. 1871 ല്‍ ആദ്യമായി ജപ്പാനില്‍ റിപ്പോര്‍ട്ട് ചെയ്തതിനാലാണ് ഈ രോഗത്തിന് ഈ പേരു വന്നത്. ഇന്ത്യയിലാദ്യമായി 1956ല്‍ ആണ് ഈ വൈറസ് രോഗം റിപ്പോര്‍ട്ട് ചെയ്തത് തമിഴ്‌നാട്ടിലാണ്.

ക്യൂലെക്‌സ് കൊതുകു വഴിയാണ് വൈറസ് പകരുന്നത്. പന്നികളിലും ചിലയിനം ദേശാടനപക്ഷികളിലും നിന്നാണ് കൊതുകുകള്‍ക്ക് വൈറസിനെ ലഭിക്കുന്നത്. കടുത്ത പനി, വിറയല്‍, ക്ഷീണം, തലവേദന, ഓക്കാനം, ഛര്‍ദി, ഓര്‍മക്കുറവ്, മാനസിക വിഭ്രാന്തി, ബോധക്ഷയം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. മസ്തിഷ്‌കത്തെ ബാധിക്കുന്ന ഈ രോഗം മൂര്‍ച്ഛിച്ചാല്‍ മരണവും സംഭവിക്കാം. മനുഷ്യനില്‍ നിന്നും വേറൊരാള്‍ക്ക് കൊതുകുകളിലൂടെ പോലും രോഗം പകരില്ലെന്നതാണ് ഏറ്റവും ആശ്വാസകരം.