കേരള രാഷ്ട്രീയത്തിലെ സൗമ്യമുഖം; ഓർമ്മകളിൽ നായനാർ

0
54

ഇന്ത്യൻ രാഷ്‌ടീയത്തിലെ പരീക്ഷണ ശാല എന്നറിയപ്പെടുന്ന കേരളത്തിൽ ലോകത്തിന് മുന്നിൽ വയ്ക്കാവുന്ന നേതാക്കൾ നിരവധിയുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും ജനകീയനും, വ്യത്യസ്‌തനുമായിരുന്ന വ്യക്തിയായിരുന്നു ഇകെ നായനാർ. കറതീര്‍ന്ന കമ്മ്യൂണിസ്‌റ്റുകാരന്‍, പത്രപ്രവര്‍ത്തകന്‍, സംഘാടകന്‍, നിയമസഭാ സാമാജികന്‍, ഭരണാധികാരി എന്നീ നിലകളിൽ പകരം വയ്ക്കാനില്ലാത്ത സേവനം കാഴ്‌ചവച്ച അദ്ദേഹത്തിന്റെ ജന്മദിനമാണ് ഡിസംബർ 9.

1919 ഡിസംബര്‍ 9ന് വിപ്ലവകാരികളുടെ മണ്ണായ കണ്ണൂരിലായിരുന്നു നായനാരുടെ ജനനം. സ്വാതന്ത്ര്യസമര സേനാനികളുടേയും വിപ്ലവകാരിയുടേയും കുടുംബത്തില്‍ പിറന്ന അദ്ദേഹത്തിന് കുട്ടിക്കാലത്ത് തന്നെ രാഷ്ട്രീയം പരിചിതമായിരുന്നു. അക്കാലത്തെ കമ്മ്യൂണിസ്‌റ്റ് വിപ്ലവകാരി കെപിആര്‍ ഗോപാലന്‍ നായനാരുടെ ബന്ധുവായിരുന്നു. നായനാർ എന്ന രാഷ്‌ട്രീയ വ്യക്തിത്വത്തിന് വഴി തെളിച്ചത് കെപിആർ ഗോപാലനായിരുന്നു എന്ന് വേണം പറയാൻ.

നായനാർ ഉപ്പുസത്യാഗ്രഹ ജാഥയെ സ്വീകരിക്കാന്‍ പയ്യന്നൂരില്‍ പോയത് പത്താം തരത്തിൽ പഠിക്കുമ്പോഴാണ്. തുടര്‍ന്ന് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ അദ്ദേഹം സജീവ സാന്നിധ്യമായി. സ്വാതന്ത്ര്യ സമരത്തിന്റെ പശ്ചാത്തലത്തില്‍ തുടക്കത്തില്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് പ്രവർത്തിച്ചു. പിന്നീട് കോണ്‍ഗ്രസിലെ ഇടതുപക്ഷ ചിന്താഗതിക്കാർ ചേര്‍ന്ന് കോണ്‍ഗ്രസ്‌ സോഷ്യലിസ്‌റ്റ് പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ നായനാരും അതിനൊപ്പം ചേരുകയായിരുന്നു.

1939 ഡിസംബറില്‍ കണ്ണൂരിലെ പാറപ്രത്ത് കേരളത്തിലെ കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി രൂപം കൊണ്ടപ്പോൾ അതിനൊപ്പം ഉറച്ചു നിൽക്കാൻ ഏറമ്പാല കൃഷ്‌ണൻ നായനാർ എന്ന യുവാവും ഉണ്ടായിരുന്നു. മൊറാഴ, കയ്യൂർ സമരങ്ങളോടെയാണ് ഇകെ നായനാർ കമ്മ്യൂണിസ്‌റ്റ് പാർട്ടിയുടെ നേതൃത്വ നിരയിലേക്ക് ഉയർന്നുവന്നത്. 1940ൽ ആറോൺ മിൽ സമരത്തെ തുടർന്നാണ് നായനാർ ആദ്യമായി അറസ്‌റ്റിലായത്. 1941ൽ നടന്ന ചരിത്ര പ്രസിദ്ധമായ കയ്യൂർ സമരത്തിൽ മൂന്നാം പ്രതിയായിരുന്നു. അക്കാലത്ത് ഒളിവിൽ പോയതിനാൽ തൂക്കു മരത്തിൽ നിന്ന് അദ്ദേഹം രക്ഷപ്പെട്ടു.

മലബാറിൽ നിന്ന് തിരുവിതാംകൂറിലേക്ക് ഒളിവ് ജീവിതം മാറ്റിയതോടെ കേരള കൗമുദിയിൽ പത്രപ്രവർത്തകനായി. സ്വാതന്ത്ര്യാനന്തരം കേസുകൾ പിൻവലിക്കപ്പെട്ടതോടെ ദേശാഭിമാനിയിലും പത്രപ്രവർത്തകനായി മാറി. കൊൽക്കത്ത തീസിസിനെ തുടർന്ന് കമ്മ്യൂണിസ്‌റ്റ് പാർട്ടി നിരോധിക്കപ്പെട്ടപ്പോൾ 1948ൽ വീണ്ടും അദ്ദേഹത്തിന് ഒളിവ് ജീവിതം നയിക്കേണ്ടി വന്നു. ഇന്ത്യ-ചൈന യുദ്ധകാലത്ത് ചൈനീസ് ചാരനെന്ന കുറ്റം ചുമത്തി അദ്ദേഹത്തെ ഭരണകൂടം ജയിലിലാക്കി.

1967ൽ പാലക്കാട് ലോക്‌സഭ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടതോടെ പാർലമെന്ററി രംഗത്തേക്ക് അദ്ദേഹം പ്രവേശിച്ചു. 1972ൽ ആദ്യമായി നായനാർ മാർക്‌സിസ്‌റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1992ൽ പാർട്ടിയുടെ പരമോന്നത സമിതിയായ പൊളിറ്റ് ബ്യൂറോവിലും അദ്ദേഹം എത്തി. ഇതിനിടയിൽ അടിയന്തരാവസ്ഥ കാലത്ത് അദ്ദേഹം ഒളിവ് ജീവിതം നയിക്കുകയുണ്ടായി.

1980ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മലമ്പുഴയിൽ നിന്ന് വിജയിച്ചു. എകെ ആൻറണി നേതൃത്വം നൽകിയ കോൺഗ്രസ് (യു) ഗ്രൂപ്പ്, കെഎം മാണി നേതൃത്വം നൽകിയ കേരള കോൺഗ്രസ് (എം) എന്നീ ഘടകകക്ഷി വിഭാഗങ്ങളുടെ പിന്തുണയിൽ ആദ്യമായി സംസ്ഥാന മുഖ്യമന്ത്രിയുമായി. എന്നാൽ ഇതിന് അധികം ആയുസുണ്ടായിരുന്നില്ല. പിന്തുണ പിൻവലിച്ച് ആൻറണിയും, മാണിയും ഐക്യജനാധിപത്യ മുന്നണിയിലേയ്ക്ക് തിരിച്ചു പോയതാണ് സർക്കാർ വീഴാൻ കാരണമായത്.

1981ൽ കെ കരുണാകരന്റെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ രൂപീകരിച്ചപ്പോൾ നായനാർ പ്രതിപക്ഷ നേതാവായി. ആ മന്ത്രിസഭയും അധികനാൾ നില നിന്നില്ല. 1982ൽ വീണ്ടും നിയമസഭ തിരഞ്ഞെടുപ്പ് നടന്നു. മലമ്പുഴയിൽ നിന്ന് ജയിച്ച് നായനാർ വീണ്ടും നിയമസഭയിലെത്തി. പ്രതിപക്ഷ നേതാവായി ഇത് അദ്ദേഹത്തിന്റെ രണ്ടാമൂഴമായിരുന്നു. പിന്നീട് 1987 മുതൽ 1991 വരെയും, 1996 മുതൽ 2001 വരെയും രണ്ട് വട്ടം കൂടി അദ്ദേഹം മുഖ്യമന്ത്രി പദത്തിലെത്തി. 10 വർഷവും 11 മാസവും 22 ദിവസവും അധികാരത്തിൽ ഇരുന്ന നായനാറാണ് കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി പദത്തിൽ ഇരുന്ന വ്യക്തി.

ദോഹ ഡയറി, സമരത്തിച്ചൂളയിൽ (മൈ സ്ട്രഗിൾസ് എന്ന സ്വന്തം ആത്മകഥയുടെ മലയാള വിവർത്തനം), അറേബ്യൻ സ്കെച്ചുകൾ, എന്റെ ചൈന ഡയറി, മാർക്സിസം ഒരു മുഖവുര, അമേരിക്കൻ ഡയറി, വിപ്ലവാചാര്യന്മാർ, സാഹിത്യവും സംസ്‌കാരവും, ജെയിലിലെ ഓർമ്മകൾ തുടങ്ങിയ പുസ്‌തകങ്ങളും അദ്ദേഹം രചിച്ചിരുന്നു.

രാഷ്ട്രീയത്തിൽ ശത്രുതയ്ക്ക് സ്ഥാനമില്ലെന്ന് ഊന്നിപ്പറഞ്ഞ അദ്ദേഹം ജനങ്ങൾക്ക് ഇടയിൽ വളരെ അധിക സ്വാധീനം ചെലുത്തിയിരുന്ന നേതാക്കളിൽ ഒരാളായിരുന്നു. നർമം കലർന്ന സ്വതസിദ്ധമായ ശൈലിയിലൂടെ ഏതൊരു ഗൗരവമായ വിഷയത്തെയും ലളിതമായി അവതരിപ്പിക്കുന്ന നായനാരുടെ മുഖം മലയാളിക്ക് ഒരിക്കലും മറക്കാൻ കഴിയാത്തതാണ്. 2004 മെയ് 19ന് ഹൃദയാഘാതത്തെ തുടർന്ന് നായനാർ അന്തരിച്ചപ്പോൾ അവസാനിച്ചത് കേരള രാഷ്ട്രീയത്തിലെ മായ്ക്കാനാവാത്ത ഒരേടാണ്. ഇന്നും സാധാരണക്കാർക്ക് ഇടയിൽ അദ്ദേഹത്തിനുള്ള സ്ഥാനവും, സ്വാധീനവും അത്രമേൽ വലുതാണ്.