മനുഷ്യർ അപ്രത്യക്ഷമാകുന്ന കാലം വിദൂരമല്ല. സുരക്ഷാ ക്യാമറകളിൽ നിന്നും മനുഷ്യ ശരീരത്തെ മറയ്ക്കുന്ന ഒരു കോട്ട് കണ്ടെത്തിയിരിക്കുകയാണ് ചൈനയിലെ വിദ്യാർത്ഥികൾ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി പ്രവർത്തിക്കുന്ന ക്യാമറകളിൽ നിന്നുമാണ് മനുഷ്യനെ അപ്രത്യക്ഷമാക്കുന്നത്. ഇൻവിസ് ഡിഫൻസ് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.
ഈ വാനിഷിംഗ് കോട്ട് ക്യാമറയെ കബളിപ്പിക്കുകയാണ് ചെയ്യുന്നത്. ക്യാമറ കണ്ണുകളിലൂടെ പൗരന്മാരെ നിരീക്ഷിക്കുന്ന സർക്കാരുകളുള്ള ചൈനയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ഈ കോട്ട് വളരെ സഹായകമാകും. ഈ കോട്ട് സർക്കാരിന് നിരോധിക്കാം. ചൈനീസ് വാർത്താ പ്രസാധകരായ സൗത്ത് ചൈന മോണിംഗ് പോസ്റ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നവംബർ 27ന് നടന്ന ക്രിയേറ്റീവ് മത്സരത്തിലും ഇൻവിസ് ഡിഫൻസ് കോട്ടിന് ഒന്നാം സമ്മാനം ലഭിച്ചു.
പ്രോഗ്രാം സ്‌പോൺസർ ചെയ്തത് ഹുവായി ടെക്‌നോളജീസ് ആണ്. ചൈനീസ് ബിരുദാനന്തര ഇന്നൊവേഷൻ ആൻഡ് പ്രാക്ടീസ് മത്സരത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ഇൻവിസ് ഡിഫൻസ് കോട്ട് പാറ്റേണുകളിലൂടെ മെഷീൻ വിഷൻ തിരിച്ചറിയൽ അൽഗോരിതം ഒഴിവാക്കുന്നുവെന്ന് റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. രാത്രിയിൽ താപനില കണ്ടെത്തുന്ന മൊഡ്യൂളിൽ കൃത്രിമം കാണിച്ച് ഇൻഫ്രാറെഡ് ക്യാമറയെ ആശയക്കുഴപ്പത്തിലാക്കുന്നു.
ഈ സാങ്കേതികവിദ്യ തയ്യാറാക്കുന്നതിന് മുമ്പ് നൂറുകണക്കിന് പരിശോധനകൾ നടത്തിയതായി വിദ്യാർത്ഥികൾ പറഞ്ഞു. കോട്ടിന്റെ ഏറ്റവും വലിയ നേട്ടം അതിന്റെ വിലയാണ്. ഉപരിതലത്തിലെ പ്രിന്റിംഗ് പാറ്റേൺ വളരെ വിലകുറഞ്ഞതാണെന്ന് സ്രഷ്ടാക്കൾ പറഞ്ഞു. ക്യാമറയെ അന്ധമാക്കാൻ, അതിൽ നാല് താപനില നിയന്ത്രണ മൊഡ്യൂളുകൾ ഉപയോഗിച്ചിട്ടുണ്ട്.
ഇതിന്റെ പ്രാരംഭ വില സിഎൻവൈ 500 അല്ലെങ്കിൽ ഏകദേശം 6000 രൂപയോ ആകാം. യുദ്ധക്കളത്തിൽ ഡ്രോൺ വിരുദ്ധ പോരാട്ടത്തിലോ മനുഷ്യ-മെഷീൻ ഏറ്റുമുട്ടലിലോ ഇൻവിസ് ഡിഫൻസ് ഉപയോഗിക്കാമെന്ന് അതിന്റെ സ്രഷ്ടാവ് അവകാശപ്പെടുന്നു. എന്നിരുന്നാലും കോട്ടിന്റെ സാങ്കേതികവിദ്യ കൂടുതൽ മെച്ചപ്പെടുത്തേണ്ടതുണ്ട്.