ഏഷ്യൻ അക്കാദമി അവാർഡ്സിൽ മികച്ച സംവിധായകനായി ബേസിൽ ജോസഫ്

0
43

ഏഷ്യൻ അക്കാദമി അവാർഡ്സിൽ മികച്ച സംവിധായകനായി ബേസിൽ ജോസഫ്. ടൊവിനോ തോമസ് നായകനായി പുറത്തിറങ്ങിയ മിന്നൽ മുരളി എന്ന ചിത്രം ഒരുക്കിയതിനാണ് പുരസ്കാരം. സിംഗപ്പൂരിൽ നടന്ന ചടങ്ങിൽ, 16 രാജ്യങ്ങളിലെ സിനിമകളിൽ നിന്നാണ് മിന്നൽ മുരളിയും ബേസിലും ഈ പുരസ്കാരനേട്ടം സ്വന്തമാക്കിയത്. ഇക്കാര്യം തൻ്റെ സമൂഹമാധ്യമങ്ങളിലൂടെ ബേസിൽ അറിയിച്ചു.

നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീം ചെയ്യപ്പെട്ട ചിത്രം ഇന്ത്യയും കടന്ന് ലോകത്തിലെ വിവിധ രാജ്യങ്ങളിൽ സ്വീകരിക്കപ്പെട്ടിരുന്നു. മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ സൂപ്പർ ഹീറോ എന്നതിനപ്പുറം സാധാരണ ജനങ്ങൾക്ക് തങ്ങളിൽ പെട്ട ഒരൂ സൂപ്പർ ഹീറോ എന്ന തോന്നലുണ്ടാക്കാനും ചിത്രത്തിനു സാധിച്ചു.

ടോവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിൽ ഒരുക്കിയ ചിത്രമാണ് മിന്നൽ മുരളി. സമീർ താഹിർ ആണ് ഛായാഗ്രഹണം. സംഗീതം ഷാൻ റഹ്മാൻ. ചിത്രത്തിലെ രണ്ട് വമ്പൻ സംഘട്ടനങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത് വ്‌ളാഡ് റിംബർഗാണ്. ചിത്രത്തിന്റെ വി എഫ് എക്സ് സൂപ്പർവൈസർ ആൻഡ്രൂ ഡിക്രൂസ് ആണ്.

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറിൽ സോഫിയ പോൾ ആണ് നിർമ്മാണം. തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, മാമുക്കോയ ഫെമിന ജോർജ്. ബിജുക്കുട്ടൻ, ബൈജു, സ്‌നേഹ ബാബു, ജൂഡ് അന്താണി ജോസഫ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചത്.