Monday
12 January 2026
20.8 C
Kerala
HomeSportsഖത്തർ ലോകകപ്പ്; ക്വാർട്ടർ ഫൈനൽ മത്സരക്രമത്തിൽ തീരുമാനമായി

ഖത്തർ ലോകകപ്പ്; ക്വാർട്ടർ ഫൈനൽ മത്സരക്രമത്തിൽ തീരുമാനമായി

ഡിസംബർ 6 ചൊവ്വാഴ്‌ച ലുസൈൽ സ്‌റ്റേഡിയത്തിൽ നടന്ന അവസാന റൗണ്ട് ഓഫ് 16 മത്സരത്തിൽ പോർച്ചുഗൽ 6-1ന് സ്വിറ്റ്സർലൻഡിനെ പരാജയപ്പെടുത്തിയതോടെ ഖത്തർ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനൽ മത്സരക്രമത്തിൽ അന്തിമ തീരുമാനമായി. ഡിസംബർ 10 ശനിയാഴ്‌ച അൽ തുമാമ സ്‌റ്റേഡിയത്തിൽ നടക്കുന്ന ക്വാർട്ടർ ഫൈനലിൽ പോർച്ചുഗൽ മൊറോക്കോയെയാണ് നേരിടുക.

പെനാൽറ്റി ഷൂട്ടൗട്ടിൽ മുൻ ചാമ്പ്യന്മാരായ സ്പെയിനിനെ 3-0ന് തോൽപ്പിച്ചാണ് മൊറോക്കോ തങ്ങളുടെ കന്നി ലോകകപ്പ് ക്വാർട്ടറിലേക്ക് മുന്നേറിയത്. ഗ്രൂപ്പ് ഘട്ടത്തിൽ കാനഡയെയും ബെൽജിയത്തെയും അവർ പരാജയപ്പെടുത്തിയിരുന്നു. ഡിസംബർ 9ന് എഡ്യൂക്കേഷൻ സ്‌റ്റേഡിയത്തിൽ ക്രൊയേഷ്യയും ബ്രസീലും തമ്മിലുള്ള മത്സരത്തോടെയാണ് ക്വാർട്ടർ ഫൈനൽ ആരംഭിക്കുക.

ആറാം ലോകകപ്പ് കിരീടം ലക്ഷ്യമിട്ട് എത്തുന്ന ബ്രസീൽ ദക്ഷിണ കൊറിയയെ 4-1ന് തകർത്താണ് ക്വാർട്ടറിലേക്ക് കടന്നത്. ശ്രദ്ധേയമായ വസ്‌തുത എന്തെന്നാൽ 2002ൽ ഒരു ഏഷ്യൻ രാജ്യത്ത് (കൊറിയ, ജപ്പാൻ) ടൂർണമെന്റ് നടന്നപ്പോഴാണ് ബ്രസീൽ അവരുടെ അഞ്ചാമത്തെയും അവസാനത്തെയും ലോകകപ്പ് കിരീടം നേടിയത്. ഇത് ആവർത്തിക്കാനാവും അവരുടെ ശ്രമം.

ലുസൈൽ സ്‌റ്റേഡിയത്തിൽ വെള്ളിയാഴ്‌ച നടക്കുന്ന രണ്ടാം മത്സരത്തിൽ നെതർലൻഡ്‌സും അർജന്റീനയും തമ്മിൽ ഏറ്റുമുട്ടും. പോർച്ചുഗൽ-മൊറോക്കോ പോരാട്ടത്തിന് ശേഷം ഡിസംബർ 10 ശനിയാഴ്‌ച അൽ ബൈത്ത് സ്‌റ്റേഡിയത്തിൽ ഇംഗ്ലണ്ടും ഫ്രാൻസും അവസാനത്തെ ക്വാർട്ടർ ഫൈനലിൽ കളിക്കും.

RELATED ARTICLES

Most Popular

Recent Comments