അര്‍ജന്‍റീന ക്വാര്‍ട്ടറില്‍; ഓസ്‌ട്രേലിയയെ കടല്‍ കടത്തി മെസിപ്പട

0
79

ഖത്തർ ലോകകപ്പിലെ രണ്ടാമത്തെ പ്രീ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഓസ്ട്രേലിയയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വീഴ്ത്തി മെസ്സിയും സംഘവും ക്വാർട്ടർ ഫൈനലിൽ. സൂപ്പർതാരം ലയണൽ മെസ്സിയും, യുവതാരം ജൂലിയൻ അൽവാരസുമാണ് അർജന്‍റീനക്കായി വലകുലുക്കിയത്. ഡിസംബർ ഒൻപതിന് ലുസെയ്ൽ സ്റ്റേഡിയത്തിൽ നടക്കുന്ന ക്വാർട്ടർ പോരാട്ടത്തിൽ അർജന്റീന നെതർലൻഡ്സിനെ നേരിടും.

എട്ടു വർഷത്തിന് ശേഷമാണ് അർജന്‍റീന ലോകകപ്പ് ക്വാർട്ടറിൽ കടക്കുന്നത്. മുപ്പത്തിയഞ്ചാം മിനിറ്റില്‍ മെസ്സിയാണ് സ്‌കോറിങ് തുടങ്ങിയത്. ബോക്സിന്‍റെ വലതുവിങ്ങിൽ നിന്നുള്ള ഫ്രീകിക്കാണ് ഗോളിൽ കലാശിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഗോളി മാറ്റ് റയാന്റെ ഗുരുതരമായ പിഴവ് മുതലെടുത്ത് ജൂലിയന്‍ ആല്‍വരസ് രണ്ടാം ഗോള്‍ വലയിലാക്കി. പന്തടകത്തിലും പാസ്സിങ്ങിലും മുന്നിട്ടുനിന്നെങ്കിലും അതീവേഗ മുറ്റങ്ങൾ കൊണ്ട് ഓസീസ് പല തവണ അർജന്‍റീനയുടെ ഗോൾമുഖം വിറപ്പിച്ചു.

77–ാം മിനിറ്റിൽ പകരക്കാരൻ താരം ക്രെയ്ഗ് അലക്സാണ്ടർ ഗുഡ്‌വിൻ ഓസ്ട്രേലിയയുടെ ആശ്വാസഗോൾ നേടി. പ്രഫഷനൽ കരിയറിലെ 1000–ാമത്തെ മത്സരത്തിന് ഇറങ്ങിയ മെസ്സി, ലോകകപ്പ് നോക്കൗട്ടിലെ ആദ്യ ഗോളാണ് ഓസീസിനെതിരെ നേടിയത്. ലോകകപ്പിൽ അർജന്റീനയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന റെക്കോർഡും ഈ ഗോളോടെ മെസി സ്വന്തമാക്കി. ഇതിഹാസ താര മറഡോണയെയാണ് മെസ്സി ഗോൾ വേട്ടയിൽ മറികടന്നത്.

ഡിസംബർ ഒൻപതിന് ലുസെയ്ൽ സ്റ്റേഡിയത്തിൽ നടക്കുന്ന ക്വാർട്ടർ പോരാട്ടത്തിൽ അർജന്റീന നെതർലൻഡ്സിനെ നേരിടും. ആദ്യ പ്രീക്വാർട്ടറിൽ യുഎസ്എയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചാണ് നെതർലൻഡ്സ് ക്വാർട്ടറിൽ കടന്നത്.