അട്ടിമറി വിജയം നേടി ലോകകപ്പിനോട് വിടപറഞ്ഞ് കാമറൂൺ

0
100

ഫിഫ വേൾഡ് കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടത്തിൽ അട്ടിമറി വിജയം നേടി ലോകകപ്പിനോട് വിടപറഞ്ഞ് കാമറൂൺ. 90ാം മിനിറ്റിൽ കാപ്റ്റൻ വിൻസന്റ് അബൂബക്കറിന്റെ അവിശ്വസനീയ ഗോളിലൂടെ ബ്രസീലിന്റെ ഗോൾ വല തകർക്കുകയായിരുന്നു കാമറൂൺ പട. ഗോൾ പിറന്നതിന് പിന്നാലെ താരത്തിന് ചുവപ്പ് കാർഡ് കിട്ടി പുറത്തുപോകേണ്ടിവന്നു.

ബ്രസീലിനെ ഗോളടിപ്പിക്കാതെ പ്രതിരോധം തീർത്ത കാമറൂൺ ആണ് അവസാന നിമിഷം കാനറികളെ ഞെട്ടിച്ചത്. തുടക്കത്തിൽ ബ്രസീലിയൻ താരങ്ങളുടെ കടുത്തസമ്മർദമാണ് കാമറൂണിന് നേരിടേണ്ടിവന്നത്. 21 പതിനഞ്ച് ഗോൾ ശ്രമങ്ങൾ നടത്തിയ ബ്രസീലിന്റെ കൈവശമായിരുന്നു 65 ശതമാനം പന്ത് നിയന്ത്രണവും. 7 ഗോൾ ശ്രമം മാത്രമായിരുന്നു കാമറൂണിനുണ്ടായിരുന്നത്. ബ്രസീലിന് 11 കോർണറുകളും. ആക്രമണത്തിന്റെ ചുമതല പോലും ബ്രസീലിന് സ്വന്തമെന്നോണമായിരുന്നു ഈ മത്സരം.

ലുസൈൽ സ്റ്റേഡിയത്തിൽ മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരുടീമുകൾക്കും ഗോൾരഹിത സമനിലയായിരുന്നു. മത്സരം ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ ഇരുടീമുകൾക്കും ഓരോ മഞ്ഞക്കാർഡ് കിട്ടി. ആദ്യ പകുതി അവസാനിച്ചപ്പോൾ രണ്ട് ടീമുകൾക്കുമായി ലഭിച്ചത് നാല് മഞ്ഞക്കാർഡുകൾ. ആദ്യപകുതിയിൽ മത്സരത്തിന്റെ ഭൂരിഭാഗവും പന്ത് ബ്രസീൽ താരങ്ങളുടെ നിയന്ത്രണത്തിലായിരുന്നു. ആദ്യ പകുതി അവസാനിച്ചപ്പോൾ ബ്രസീലിന് 10 ഗോൾ ശ്രമങ്ങൾ സ്വന്തമായപ്പോൾ കാമറൂണിന് ഒരു ഗോൾ ശ്രമം മാത്രമാണ് തുറക്കാനായത്. കാമറൂണിന്റെ നൂഹോ ടൂളോയ്ക്ക് മത്സരത്തിന്റെ ആറാം മിനിറ്റിൽ മഞ്ഞക്കാർഡും, പിന്നാലെ ബ്രസീലിന്റെ എഡർ മിലിറ്റാവോയും മഞ്ഞക്കാർഡ് കണ്ടു. 14ാം മിനിറ്റിൽ ബ്രസീലിന്റെ ഉറച്ച ഗോൾ മുന്നേറ്റം കാമറൂൺ തട്ടിയകറ്റുകയായിരുന്നു.

പ്രമുഖ താരങ്ങൾക്ക് വിശ്രമമനുവദിച്ചാണ് ബ്രസീൽ ഇന്നിറങ്ങിയത്. ജീസസ്, മാർട്ടിനെല്ലി, റോഡ്രിഗോ, ആന്റണി, ഡാനി ആൽസ്, എഡേഴ്‌സൺ എന്നിവർ ആദ്യ ഇലവനിലെത്തി. ഡാനി ആൽസായിരുന്നു ടീമിനെ നയിച്ചത്. 28ാം മിനിറ്റിൽ കാമറൂണിന്റെ പിയറേ കുണ്ടേ മഞ്ഞക്കാർഡ് കണ്ടു. 32ാം മിനിറ്റിൽ ബ്രസീലിന് ലഭിച്ച ഫ്രീകിക്കിലൂടെ നേടാൻ ശ്രമിച്ച ഗോളും കാമറൂൺ തടഞ്ഞു. പരുക്കേറ്റ നെയ്മറും ഇന്ന് മത്സരത്തിനിറങ്ങിയിരുന്നില്ല.

ബ്രസീൽ ടീം: എഡേഴ്‌സൺ, അലക്‌സ് ടെലസ്, ബ്രമർ, എഡർ മിലിറ്റാവോ, ഡാനി ആൽവ്‌സ്, ഫ്രെഡ്, ഫാബീഞ്ഞോ, ഗെബ്രിയൽ മാർട്ടിനെല്ലി, റോഡ്രിഗോ, ആന്റണി, ഗബ്രിയേൽ ജീസസ്.

കാമറൂൺ ടീം: ഡേവിസ് എപ്പസി, ഫൈ, വൂഹ്, ഇബോസ്, ടോളോ, എ. അൻഗ്യൂസ്സ, കുണ്ടെയ്, എംബിയുമോ,ചൂപോ മോടിങ്, എൻഗമാലു, വിൻസന്റ് അബൂബക്കർ.