LGBTQ സമൂഹത്തിന് ഖത്തർ സന്ദർശിക്കാം, എന്നാൽ ഞങ്ങളെ മാറ്റാൻ ശ്രമിക്കേണ്ട; ഖത്തർ ഊർജമന്ത്രി

0
32

LGBTQ സമൂഹത്തോടുള്ള ഖത്തറിന്റെ നിലപാടിനെതിരായ പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള വിമർശനങ്ങളോട് ഖത്തർ ഊർജ മന്ത്രി സാദ് ഷെരീദ അൽ-കഅബി പ്രതികരിച്ചു. LGBTQ സമൂഹത്തിലെ അംഗങ്ങൾക്ക് രാജ്യം സന്ദർശിക്കാം, എന്നാൽ ഖത്തറികൾ എന്ത് വിശ്വസിക്കണമെന്ന് അടിച്ചേൽപ്പിക്കണ്ടെന്ന് മന്ത്രി ആവശ്യപ്പെട്ടു. പാശ്ചാത്യരെ തൃപ്‌തിപ്പെടുത്താൻ രാജ്യത്തെ ഇസ്ലാമിക നിയമങ്ങൾ മാറ്റിയെഴുതുക എന്നത് സ്വീകാര്യമല്ലെന്ന് അൽ-കഅബി വ്യക്തമാക്കി.

2022 ഫിഫ ലോകകപ്പിന്റെ ആതിഥേയരായ ഖത്തറിൽ സ്വവർഗ രതി നിയമ വിരുദ്ധമായതിനാൽ ഇതുമായി ബന്ധപ്പെട്ട് നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. രാജ്യത്തെ മറ്റ് മനുഷ്യാവകാശ പ്രശ്‌നങ്ങൾക്കും, കുടിയേറ്റ തൊഴിലാളികളോടുള്ള പെരുമാറ്റത്തിനും പുറമെ ലോകമെമ്പാടുമുള്ള ടീമുകളും, അവരുടെ ആരാധകരും ലോകകപ്പിനായി എത്തിയതോടെ ഖത്തറിലെ LGBTQ അവകാശ ലംഘനങ്ങൾ വലിയ തോതിൽ ചർച്ചയായിരുന്നു.

നേരത്തെ LGBTQ അവകാശങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഏഴ് യൂറോപ്യൻ രാജ്യങ്ങൾ ‘വൺ ലവ് ആംബാൻഡ്‌’ ധരിക്കാൻ തീരുമാനിച്ചെങ്കിലും ഫിഫയുടെ ഭീഷണിയെ തുടർന്ന് തീരുമാനം ഉപേക്ഷിക്കുകയായിരുന്നു.

എന്നാൽ ഇതിന് പിന്നാലെ ഫിഫയുടെ നടപടിക്ക് എതിരെ പല കോണുകളിൽ നിന്ന് വിമർശനം ഉയർന്നിരുന്നു. എന്നാൽ, ജപ്പാനെതിരായ മത്സരത്തിന് മുന്നോടിയായുള്ള ഫോട്ടോഷൂട്ടിൽ ജർമ്മൻ ടീമംഗങ്ങൾ വായ കൈകൊണ്ട് പൊത്തി ഫോട്ടോ എടുത്തിരുന്നു. ഇത് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.