48,500 വർഷം പഴക്കമുള്ള ‘സോംബി വൈറസ്’-നെ പുനരുജ്ജീവിപ്പിച്ച് ഗവേഷകർ. റഷ്യയിലെ സൈബീരിയൻ മേഖലയിലെ മഞ്ഞുപാളികൾക്കടിയിൽ നിന്നെടുത്ത13 വൈറസുകളെ ആണ് യൂറോപ്യൻ ഗവേഷകർ കണ്ടെത്തിയത്. സൈബീരിയയിലെ തടാകത്തിൻറെ അടിത്തട്ടിൽ ഖനീഭവിച്ചു കിടന്നതാണിത്.
ഇതിലൊന്നിന് 48,500 വർഷം പഴക്കമുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിർജീവമായ വൈറസുകളെ ഗവേഷകർ പുനരുജ്ജീവിപ്പിക്കുകയായിരുന്നു. ഇവയ്ക്ക് ‘സോംബി വൈറസുകൾ’എന്നാണ് ഗവേഷകർ നൽകിയ പേര്. പെർമാഫ്രോസ്റ്റുകളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ നിന്നാണ് 13 സോംബി വൈറസുകളെ പുനരുജ്ജീവിപ്പിച്ചത്.
അതേസമയം, തങ്ങൾ പഠിച്ച വൈറസുകൾ സ്വാഭാവികമായി പുനരുജ്ജീവിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് റഷ്യ, ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽനിന്നുള്ള ഗവേഷണസംഘം വ്യക്തമാക്കി. പക്ഷേ, മനുഷ്യരെയും മറ്റു ജീവികളെയും ബാധിക്കാൻ സാധ്യതയുള്ള വൈറസുകൾ പുനരുജ്ജീവിച്ചാൽ മാരകമായ രോഗങ്ങളുണ്ടാകാൻ സാധ്യയുണ്ടെന്നും ഗവേഷകർ സൂചന നൽകി.
വർഷങ്ങളായി പൂജ്യം ഡിഗ്രി സെൽഷ്യസിൽ താഴെ താപനിലയിൽ പൂർണമായും തണുത്തുറഞ്ഞുകിടക്കുന്ന മണ്ണിനെയാണ് പെർമാഫ്രോസ്റ്റ് എന്ന് പറയുന്നത്. കാലാവസ്ഥാവ്യതിയാനവും ആഗോളതാപനവും ആണ് പെർമാഫ്രോസ്റ്റുകൾ ഉരുകാൻ കാരണം.