ചരിത്ര നേട്ടവുമായി കെ.എസ്.ആർ.ടി.സി; നിലയ്ക്കൽ ഡിപ്പോയിൽ ഏഴ് കോടി വരുമാനം

0
65

പമ്പ-നിലയ്ക്കൽ കെ.എസ്.ആർ.ടി.സി ചെയിൻ സർവീസുകൾക്ക് റെക്കോർഡ് നേട്ടം. മണ്ഡലകാലം തുടങ്ങി നവംബർ 30 വരെ 6,79,68,884 രൂപയുടെ കളക്ഷനാണ് നേടിയത്. 10,93,716 പേരാണ് നിലയ്ക്കലിൽ നിന്നും പമ്പയിലേക്കുള്ള (17.5 കിലോമീറ്റർ) ചെയിൻ സർവീസിലൂടെ മാത്രം ശബരിമലയിൽ എത്തിയത്. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി കണ്ടക്ടർ ഇല്ലാത്ത സർവീസുകളാണ് നിലയ്ക്കൽ നിന്നും പമ്പയിലേക്കും തിരിച്ചും നടത്തുന്നത്.

ഇതിനായി നിലയ്ക്കലിലും, പമ്പയിലും 10 പ്രത്യേക കൗണ്ടറുകൾ വീതം തയ്യാറാക്കിയിട്ടുണ്ട്. അയ്യപ്പ സ്വാമിമാർക്ക് കൗണ്ടറിൽ നിന്നും ടിക്കറ്റ് മുൻകൂറായി വാങ്ങി യാത്ര ചെയ്യാം. പ്രായമായവർക്കും, മുതിർന്ന പൗരന്മാർക്കും, ഗ്രൂപ്പ് ടിക്കറ്റുകൾക്കുമായി പ്രത്യേകം കൗണ്ടറുകൾ സജ്ജമാക്കിയിട്ടുണ്ട്.

ചെങ്ങന്നൂർ, എരുമേലി, കോട്ടയം, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിൽ നിന്ന് കെ.എസ്.ആർ.ടി.സി അധിക സർവീസുകൾ നിലയ്ക്കലിലേക്ക് നടത്തുന്നുണ്ട്. നിലയ്ക്കൽ- പമ്പ എ.സി ബസുകൾക്ക് 80 രൂപയും, മറ്റ് എല്ലാ സർവീസുകൾക്കും 50 രൂപയുമാണ് നിരക്ക്. അടുത്ത ഒരാഴ്ചയ്ക്കകം ചെന്നൈ, മധുര സർവീസുകളും ആരംഭിക്കുന്നതോടെ വരുമാന നേട്ടം സർവ്വകാല റെക്കോഡിൽ എത്തുമെന്നാണ് പ്രതീക്ഷ.