ആടുതോമ വീണ്ടും വരുന്നു! സ്ഫടികം 4k Atmos തിയേറ്ററുകളിലേക്ക്

0
78

മോഹൻലാൽ എന്ന നടന്റെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നാണ് ഭദ്രൻ എഴുതി സംവിധാനം ചെയ്ത സ്ഫടികം. സ്ഫടികത്തിലെ ആടുതോമ എന്ന കഥാപാത്രം അത്രമാത്രം പ്രേക്ഷകർ സ്വീകരിച്ചവതാണ്. 1995ൽ പുറത്തിറങ്ങിയ ചിത്രം ഇന്നും കണ്ടിരിക്കാൻ പ്രേക്ഷകർക്ക് ഇഷ്ടമാണ്. ചിത്രത്തിലെ സംഭാഷണങ്ങളും വളരെ ശ്ര​ദ്ധ നേടിയിട്ടുണ്ട്. പുതിയ സാങ്കേതിക മിവുകളോടെ ചിത്രം വീണ്ടും തിയേറ്ററുകളിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നുവെന്ന വാർത്ത കുറച്ച് നാളുകളായി നമ്മൾ കേൾക്കുന്നുണ്ട്. ഈ വാർത്ത വന്നത് മുതൽ പ്രേക്ഷകർ ആവേശത്തിലായിരുന്നു.

ആകാംക്ഷയ്ക്കും കാത്തിരിപ്പിനും വിരാമമിട്ട് സ്ഫടികം 4k Atmos തിയേറ്ററുകളിലേക്ക് എത്തുകയാണ്. 2023 ഫെബ്രുവരി ഒമ്പതിന് ചിത്രം തിയേറ്ററുകളിലെത്തും. മോഹൻലാൽ തന്നെയാണ് ഇക്കാര്യം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പ്രേക്ഷകരെ അറിയിച്ചത്. ആടുതോമ നിങ്ങൾ ആഗ്രഹിച്ചത് പോലെ പുതിയ കാലത്തിൻ്റെ എല്ലാ സാങ്കേതിക മികവോടെയും ലോകം എമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ആകുന്നുവെന്നാണ് മോഹൻലാൽ കുറിച്ചത്.

മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്…

”എക്കാലവും നിങ്ങൾ ഹൃദയത്തോട് ചേർത്തുവച്ച എൻ്റെ ആടുതോമ നിങ്ങൾ ആഗ്രഹിച്ചത് പോലെ പുതിയ കാലത്തിൻ്റെ എല്ലാ സാങ്കേതിക മികവോടെയും വീണ്ടും റിലീസാവുന്നു.
ലോകം എമ്പാടുമുള്ള തിയേറ്റുകളിൽ 2023 ഫെബ്രുവരി മാസം 9 – ന് സ്ഫടികം 4k Atmos എത്തുന്നു.
ഓർക്കുക. 28 വർഷങ്ങൾക്കു മുമ്പ് ഇതുപോലൊരു വ്യാഴാഴ്‌ചയാണ് ആടുതോമയെ നിങ്ങൾ അന്നും ഹൃദയം കൊണ്ട് ഏറ്റുവാങ്ങിയത്…
‘അപ്പോൾ എങ്ങനാ… ഉറപ്പിക്കാവോ?.’ ”

മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. സിനിമ ആസ്വാദകരും മോഹൻലാൽ ആരാധകരും വലിയ ആവേശത്തിലാണ്. പോസ്റ്റിന് പിന്നാലെ വന്ന കമന്റുകളിൽ നിന്ന് വ്യക്തമാണ് സ്ഫടികം വീണ്ടും റിലീസ് ആകാൻ വേണ്ടി പ്രേക്ഷകർ കാത്തിരിക്കുകയായിരുന്നുവെന്ന്. ചിത്രം എല്ലാവരും വീണ്ടും തിയേറ്ററിൽ പോയി കാണുമെന്നാണ് കമന്റുകളിൽ കൂടുതലായും എഴുതിയിരിക്കുന്നത്.