‘ലുസൈലിൽ മെസി മാജിക്ക്’;മെക്‌സിക്കൻ പ്രതിരോധം കടന്ന് നീലപ്പടയുടെ ഗംഭീര തിരിച്ചുവരവ്

0
92

ഫിഫ ലോകകപ്പ് ഗ്രൂപ്പ് സിയിൽ ആദ്യ മത്സരത്തിലെ തോൽവിക്ക് ശേഷം അർജന്റീനയുടെ ഗംഭീര തിരിച്ചുവരവ്. മെക്‌സിക്കോയ്‌ക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിനാണ് അർജന്റീന ജയിച്ചുകയറിയത്. ഗോളും അസിസ്റ്റുമായി തിളങ്ങിയ ക്യാപ്റ്റൻ ലിയോണൽ മെസിയാണ് അർജന്റീനയുടെ ഹീറോ. എൻസോ ഫെർണാണ്ടസിന്റെ വകയായിരുന്നു രണ്ടാം ഗോൾ. ആദ്യ മത്സരത്തിൽ തോറ്റ അർജന്റീന ജയത്തോടെ മൂന്ന് പോയിന്റ് സ്വന്തമാക്കി. പോയിന്റ് നിലയിൽ പോളണ്ടിന് പിന്നിൽ രണ്ടാമതുമെത്തി. സൗദിയാണ് മൂന്നാം സ്ഥാനത്ത്.

ആദ്യപാതിയിൽ നനഞ്ഞ പടക്കമായി അർജന്റൈൻ മധ്യനിര

32-ാം മിനിറ്റിലാണ് അർജന്റീനയക്ക് ആദ്യ കോർണർ ലഭിക്കുന്നത് പോലും. മാത്രമല്ല, മെക്‌സിക്കൻ താരങ്ങളുടെ പരുക്കൻ അടവുകളും അർജന്റീനയ്ക്ക് വെല്ലുവിളിയായി. 35-ാം മിനിറ്റിലാണ് മെക്‌സിക്കൻ പോസ്റ്റിലേക്ക് പന്തെത്തിക്കാൻ അർജന്റീനയ്ക്കാവുന്നത്. ബുദ്ധിമുട്ടേറിയ കോണിൽ നിന്ന് മെസിയെടുത്ത ഫ്രീകിക്ക് മെക്‌സിക്കൻ ഗോൾകീപ്പർ ഗില്ലർമോ ഒച്ചോവ തട്ടിയകറ്റി. ഡി മരിയയെ മെക്‌സിക്കൻ പ്രതിരോധതാരം വീഴ്ത്തിയതിനായിരുന്നു ഫ്രീകിക്ക്. 41 മിനിറ്റിൽ ഡി മരിയ മെക്‌സിക്കൻ ബോക്‌സിലേക്ക് നീട്ടിനൽകിയ ക്രോസിൽ ലാതുറോ മാർട്ടിനെസ് തലവച്ചെങ്കിലും പന്ത് പുറത്തേക്ക്.

44-ാം മിനിറ്റിൽ അറോഹയുടെ ഫ്രീകിക്ക് ഏറെ പണിപ്പെട്ട് അർജന്റൈൻ ഗോൾ കീപ്പർ എമി മാർട്ടിനെസ് കയ്യിലൊതുക്കി. മെക്‌സിക്കോയുടെ ആദ്യ ഗോൾ ശ്രമമായിരുന്നത്. ആദ്യ 30 മിനിറ്റിലും ഇരു ടീമുകൾക്കും ഗോൾ കീപ്പറെ പരീക്ഷിക്കാൻ പോലും സാധിച്ചില്ല. മുന്നേറ്റത്തിലേക്ക് പന്തെത്തിക്കാൻ പോലും അർജന്റൈൻ മധ്യനിരയ്ക്ക് സാധിച്ചില്ല. ഡി മരിയ ചില ഒറ്റപ്പെട്ട നീക്കങ്ങൾ നടത്തിയെങ്കിലും ഫലത്തിൽ ഒരു സ്വാധീനവും ചെലുത്തിയില്ല. മെക്‌സിക്കൻ പ്രതിരോധത്താൽ മെസി ചുറ്റപ്പെട്ടത്തോടെ നീക്കങ്ങൾക്കെല്ലാം ചെറുതായെങ്കിലും ചുക്കാൻ പിടിച്ചത് ഡി മരിയയായിരുന്നു. ഡി പോൾ കാഴച്ചക്കാരൻ മാത്രമായി. അർജന്റൈൻ പ്രതിരോധത്തിൽ മാർട്ടിനെസിന്റെ പ്രകടനം മാത്രമാണ് ശ്രദ്ധിക്കപ്പെട്ടത്.

അർജന്റീന ഉണർന്ന രണ്ടാംപാതി

രണ്ടാംപാതിയുടെ ആദ്യ മിനിറ്റുകളിൽ തന്നെ അർജന്റീന തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ കാണിച്ചു. 52-ാം മിനിറ്റിൽ അപകടകരമായ പൊസിഷനിൽ, ബോക്‌സിന് തൊട്ടുമുന്നിൽ വച്ച് അർജന്റീനയ്ക്ക് ഫ്രീകിക്ക്. കിക്കെടുത്ത മെസിക്ക് ആത്മവിശ്വാസത്തിന്റെ കണിക പോലുമില്ലായിരുന്നു. കിക്ക് ക്രോസ് ബാറിന് ഏറെ മുകളിലൂടെ പുറത്തേക്ക്. 56-ാം മിനിറ്റിൽ ഡി മരിയയുടെ നിലംപറ്റെയുള്ള ഷോട്ട് മെക്‌സിക്കൻ ബോക്‌സിലേക്ക്. എന്നാൽ ഷോട്ടുതിർക്കാൻ താരങ്ങളുണ്ടായില്ലെന്ന് മാത്രം. മാക് അലിസ്റ്റർ ഓടിയെത്തുമ്പോഴേക്കും മെക്‌സിക്കൻ താരം ഇടപ്പെട്ടിരുന്നു.

64-ാം മിനിറ്റിലായിരുന്നു അർജന്റൈൻ ആരാധകർ കാത്തിരുന്ന ഗോളെത്തിയത്. അതും മെസിയുടെ ഇടങ്കാലിൽ നിന്നുള്ള വെടിച്ചില്ല്. വലത് വിംഗിൽ നിന്നും ഡി മരിയ നൽകിയ പാസാണ് ഗോളിൽ കലാശിച്ചത്. ബോക്‌സിന് പുറത്തുനിന്നുള്ള മെസിയുടെ നിലംപറ്റെയുള്ള ഷോട്ടിന് ഒച്ചോവ മുഴുനീളെ ഡൈവിംഗ് നടത്തിയെങ്കിലും കാര്യമുണ്ടായില്ല. 70-ാം മിനിറ്റിൽ മൊളീനയുടെ ഷോട്ട് ക്രോസ്ബാറിന് മുകളിലൂടെ പുറത്തേക്ക്. ഗോളിന് പിന്നാലെ ക്രിസ്റ്റ്യൻ റൊമേറോയെ ഇറക്കി അർജന്റൈൻ കോച്ച് പ്രതിരോധം ശക്തമാക്കി. ഡി മരിയക്ക് പകരമാണ് റൊമേറോയെത്തിയത്.

Lionel Messi goal helps argentina to win over mexico in qatar world cup

തുടർന്ന് മെക്‌സിക്കോ നടത്തിയ ശ്രമങ്ങളെല്ലാം ചെറുക്കുന്ന ജോലി പ്രതിരോധം ഭംഗിയായി ചെയ്തു. അർജന്റൈൻ മധ്യനിരയിൽ എൻസോ ഫെർണാണ്ടസും എസെക്വിയൽ പലാസിയോസും എത്തിയതോടെ കൂടുതൽ മികച്ച നീക്കങ്ങളുമുണ്ടായി. മുന്നേറ്റത്തിൽ ജൂലിയൻ അൽവാരസിന്റെ വേഗമേറിയ നീക്കങ്ങളും അർജന്റീനയ്ക്ക് ഉണർവ് നൽകി. പിന്നാലെ എൻസോയുടെ ഗോൾ. 87-ാം മിനിറ്റിലാണ് മെസിയുടെ അസിസ്റ്റിൽ എൻസോ വല കുലുക്കിയത്. മത്സരം ജയിക്കാൻ ഗോളുകൾ ധാരാളമായിരുന്നു.

അർജന്റൈൻ നിരയിൽ അഞ്ച് മാറ്റം

പ്രതിരോധിക്കാൻ തുനിഞ്ഞാണ് മെക്‌സികോ ഇറങ്ങിയത്. പതിവിന് വിപരീതമായി അഞ്ച് പേർ പ്രതിരോധത്തിലുണ്ടായിരുന്നു. അർജന്റീന അഞ്ച് മാറ്റങ്ങൾ വരുത്തി. ക്രിസ്റ്റിയൻ റൊമേറോ, നിക്കോളാസ് ടാഗ്ലിയാഫിക്കോ, നെഹ്വൽ മൊളിന, ലിയാൻഡ്രോ പരെഡെസ്, പപ്പു ഗോമസ് എന്നിവർ പുറത്തായി. പ്രതിരോധത്തിൽ റൊമേറൊയ്ക്ക് പകരം ലിസാൻഡ്രോ മാർട്ടിനസെത്തി. മൊളിനയ്ക്ക് പകരം ഗോൺസാലോ മോന്റീൽ. ടാഗ്ലിയാഫിക്കോയ്ക്ക് പകരം മാർകോസ് അക്യൂനയും പ്രതിരോധത്തിൽ. മധ്യനിരയിൽ ഗ്വെയ്‌ഡോ റോഡ്രിഗസും മാക് അലിസ്റ്റും.