Monday
12 January 2026
33.8 C
Kerala
HomeKeralaവിഴിഞ്ഞത്ത് വൻ സംഘർഷം; പൊലീസ് സ്റ്റേഷൻ വളഞ്ഞ് സമരസമിതി; മൂന്ന് പൊലീസ് ജീപ്പ് തകർത്തു

വിഴിഞ്ഞത്ത് വൻ സംഘർഷം; പൊലീസ് സ്റ്റേഷൻ വളഞ്ഞ് സമരസമിതി; മൂന്ന് പൊലീസ് ജീപ്പ് തകർത്തു

വിഴിഞ്ഞം തുറമുഖ നിർമാണത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുണ്ടായ സംഘർഷത്തിൽ അറസ്റ്റിലേക്ക് കടന്നതോടെ പൊലീസ് സ്റ്റേഷൻ വളഞ്ഞ് സമര സമിതി പ്രവർത്തകർ. വൻ സംഘർഷ സാധ്യതയാണ് പ്രദേശത്ത് നിലനിൽക്കുന്നത്. മത്സ്യ തൊഴിലാളികളുടെ നേതൃത്വത്തിൽ രണ്ട് പൊലീസ് ജീപ്പ് തകർത്തുവെന്ന വിവരവും ലഭ്യമാകുന്നുണ്ട്.

വൈകുന്നേരത്തോടെയാണ് കേസിൽ വിഴിഞ്ഞം സ്വദേശി സെൽറ്റനെ പൊലീസ് അറസ്റ്റ് ചെയ്തത്. 6.15 ഓടെ ഇത് ചോദ്യം ചെയ്ത് പ്രവർത്തകർ പൊലീസ് സ്റ്റേഷനിലെത്തുകയും തർക്കത്തിലേർപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ പ്രവർത്തകരെത്തി വിഴിഞ്ഞം സ്റ്റേഷൻ വളഞ്ഞിരിക്കുന്നത്. ഇതിനിടയിലാണ് പൊലീസ് ജീപ്പ് തകർത്തത്. സെൽറ്റനെ വിട്ടുകിട്ടണമെന്നാണ് ഇവരുടെ ആവശ്യം.

ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റൊ കേസിൽ ഒന്നാം പ്രതിയാണ്. കൂടാതെ കണ്ടാലറിയാവുന്ന 1000 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ആർച്ച് ബിഷപ്പും വൈദികരും ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് എഫ്ഐആറിൽ പറയുന്നു. രണ്ടു ലക്ഷത്തിലേറെ രൂപയുടെ പൊതുമുതൽ നശിപ്പിച്ചതിനും കേസുണ്ട്. ലഭിച്ച പരാതിക്ക് പുറമേ പൊലീസ് സ്വമേധയായും കേസെടുത്തു.

പ്രതിപ്പട്ടികയിലെ ഒന്നു മുതൽ 15 വരെയുള്ള വൈദികർ സംഘർഷ സ്ഥലത്ത് നേരിട്ടെത്തിയവരല്ല. എന്നാൽ ഇവർ ചേർന്ന് ഗൂഢാലോചന നടത്തുകയും അതിനുശേഷം കണ്ടാലറിയാവുന്ന ആയിരത്തിലധികം പേരെ സംഘടിപ്പിച്ച് മുല്ലൂരിലെത്തുകയും സർക്കാരിന്റെയും ഹൈക്കോടതിയുടെയും നിർദേശം മറികടന്ന് സംഘർഷം സൃഷ്ടിക്കുകയും ചെയ്തെന്ന് പൊലീസിന്റെ എഫ്ഐആറിൽ പറയുന്നു. വധശ്രമം, ഗൂഡാലോചന, അന്യായമായി സംഘം ചേരൽ, കലാപാഹ്വാനം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് എഫ്ഐആറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

RELATED ARTICLES

Most Popular

Recent Comments