വിഴിഞ്ഞത്ത് സമരത്തിന്റെ പേരില്‍ ബോധപൂര്‍വം കലാപം സൃഷ്ടിക്കാന്‍ ശ്രമമെന്ന് മന്ത്രി ആന്റണി രാജു. സര്‍ക്കാരും പൊലീസും ആത്മസംയമനം പാലിക്കുകയാണ്. ആത്മസംയമനം ദൗര്‍ഭല്യമായി കാണരുത്. സമാധാനം തകര്‍ക്കാന്‍ ആരും ശ്രമിക്കരുതെന്നും മന്ത്രി പറഞ്ഞു.
വിഴിഞ്ഞം സംഘര്‍ഷത്തില്‍ ആര്‍ച്ച് ബിഷപ്പും വൈദികരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് എഫ്ഐആര്‍. ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ.തോമസ് ജെ നെറ്റോ ഒന്നാം പ്രതി. സഹായമെത്രാന്‍ ഡോ.ആര്‍ ക്രിസ്തുദാസ് ഉള്‍പ്പടെ അമ്പതോളം വൈദികര്‍ പ്രതിപ്പട്ടികയിലുണ്ട്. രണ്ടുലക്ഷത്തിലേറെ രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചതിനും കേസെടുത്തു.
വധശ്രമം, ഗൂഢാലോചന, കലാപാഹ്വാനം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങി വകുപ്പുകളിട്ടാണ് സമരസമിതി ജനറൽ കൺവീനറും ലത്തീൻ അതിരൂപതാ വികാരി ജനറലുമായ ഫാ. യൂജിൻ പെരേര അടക്കമുള്ളവര്‍ക്കെതിരെ കേസ്. എട്ട് കേസുകളാണ് വിഴിഞ്ഞം പൊലീസ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. സംഘം ചേര്‍ന്നതിനും പൊതുമുതൽ നശിപ്പിച്ചതിനും തുറമുഖത്തെ അനുകൂലിക്കുന്നവര്‍ക്കെതിരെ രണ്ട് കേസും എടുത്തിട്ടുണ്ട്.