ബ്രസീലിലെ രണ്ട് സ്കൂളുകൾക്ക് നേരെ വെടിവെപ്പ്; മൂന്ന് മരണം

0
50

തെക്കുകിഴക്കൻ ബ്രസീലിലെ രണ്ട് സ്കൂളുകൾക്ക് നേരെ തോക്കുധാരി നടത്തിയ വെടിവയ്‌പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 11 പേർക്ക് പരുക്കേറ്റതായി അധികൃതർ അറിയിച്ചു. എസ്പിരിറ്റോ സാന്റോ സംസ്ഥാനത്തെ അരാക്രൂസിൽ സ്ഥിതി ചെയ്യുന്ന ഒരു പൊതു സ്കൂളിലും മറ്റൊരു സ്വകാര്യ സ്കൂളിലുമാണ് വെടിവയ്പ്പ് നടന്നത്.

വെള്ളിയാഴ്ച രാവിലെയോടെ സ്കൂളിൽ അതിക്രമിച്ചു കയറിയ അക്രമി അധ്യാപകർക്കും വിദ്യാർത്ഥികൾക്കും നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ രണ്ട് സ്ത്രീകൾ കൊല്ലപ്പെടുകയും ഒമ്പത് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പിന്നീട് ഇയാൾ സമീപമുള്ള മറ്റൊരു സ്കൂളിൽ എത്തി, സമാന രീതിയിൽ ആക്രമണം നടത്തി. കൗമാരക്കാരിയായ പെൺകുട്ടിയെ കൊല്ലുകയും മറ്റ് രണ്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

അക്രമിയെന്ന് സംശയിക്കുന്ന ആളെ അറസ്റ്റ് ചെയ്തതായി സംസ്ഥാന ഗവർണർ റെനാറ്റോ കാസഗ്രാൻഡെ പറഞ്ഞു. സംഭവത്തിന് പിന്നിലെ ഉദ്ദേശം കണ്ടെത്താൻ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് ഗവർണർ ട്വിറ്ററിൽ കുറിച്ചു. അതേസമയം ബ്രസീലിൽ സ്‌കൂൾ വെടിവയ്പ്പുകൾ താരതമ്യേന അപൂർവമാണ്, പക്ഷേ സമീപ വർഷങ്ങളിൽ ഇത്‌ വർദ്ധിച്ചുവരികയാണ്.