ലോകകപ്പ് വേദിയിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭകർക്ക് അപമാനം

0
80

ഖത്തർ ലോകകപ്പിൽ ഇറാനും വെയിൽസും തമ്മിലുള്ള മത്സരത്തിനിടെ രാജ്യത്തെ നിർബന്ധിത ഹിജാബ് നിയമത്തിനെതിരെ പ്രതിഷേധിച്ച ഇറാൻ പൗരന്മാരെ സർക്കാർ അനുകൂലികൾ മർദ്ദിച്ചതായി റിപ്പോർട്ടുകൾ. പ്രതിഷേധിച്ച ചില ആരാധകർ തങ്ങളിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട പതാകകൾ എടുത്തു കളഞ്ഞതായി പറഞ്ഞു. ചിലർ തങ്ങൾക്ക് നേരെ ആക്രോശമുയർത്തുകയും ഉപദ്രവിക്കുകയും ചെയ്‌തതായി ഹിജാബ് വിരുദ്ധ പ്രക്ഷോഭകർ ആരോപിച്ചു.

ദോഹ സ്‌റ്റേഡിയം സുരക്ഷാ ഉദ്യോഗസ്ഥർ സർക്കാർ വിരുദ്ധ വികാരം പ്രകടിപ്പിക്കുന്ന ടീ-ഷർട്ടുകളും മറ്റ് വസ്‌തുക്കളും കണ്ടുകെട്ടിയതായി ബിബിസി റിപ്പോർട്ട് ചെയ്‌തു. 1979ലെ ഇസ്ലാമിക് വിപ്ലവത്തിന് ശേഷം ഇറാനിലുണ്ടായ ഏറ്റവും വലിയ പ്രതിഷേധങ്ങളിൽ ഒന്നാണ് ഹിജാബ് വിരുദ്ധ പ്രക്ഷോഭം. വെള്ളിയാഴ്‌ച ഇറാൻ -വെയ്ൽസ് മത്സരത്തിനിടെ മഹ്‌സ അമിനിയുടെ പേരെഴുതിയ ജേഴ്‌സിയും ഏന്തിയാണ് പ്രക്ഷോഭകർ സ്‌റ്റേഡിയത്തിൽ എത്തിയത്.

എന്നാൽ ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങൾക്ക് നേരെ മോശം സമീപനമാണ് ഇന്നലെ ഉണ്ടായത്. ‘സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം’ എന്നീ വാക്കുകൾ ആലേഖനം ചെയ്‌ത ടി-ഷർട്ടുകൾ ധരിച്ച ചിലർക്ക് നേരെ അധിക്ഷേപം നടന്നതായും റിപ്പോർട്ടുണ്ട്.

സർക്കാർ അനുകൂലികൾ ഹിജാബ് വിരുദ്ധ പ്രക്ഷോഭകരായ സ്‌ത്രീകളെ വളഞ്ഞതായും ഇവർക്ക് മുന്നിൽ മുദ്രാവാക്യം വിളിച്ചതായും സൂചനകളുണ്ട്. മഹ്‌സ അമിനിയുടെ ചിത്രം ആലേഖനം ചെയ്‌ത ടി-ഷർട്ട് ധരിക്കുന്നതിൽ നിന്ന് പലരെയും വിലക്കിയിട്ടുണ്ട്. ഇതും ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.