മൂന്ന് ഫിഫ്റ്റികൾ; മികച്ച ഇന്നിംഗ്സുമായി സഞ്ജുവും വാഷിംഗ്ടൺ സുന്ദറും

0
39

ന്യൂസീലൻഡിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 306 റൺസെടുത്തു. ശ്രേയാസ് അയ്യർ (80) ഇന്ത്യയുടെ ടോപ്പ് സ്കോറർ ആയപ്പോൾ ശിഖർ ധവാൻ (72), ശുഭ്മൻ ഗിൽ (50) എന്നിവരും ഫിഫ്റ്റി നേടി. മലയാളി താരം സഞ്ജു സാംസൺ (36), വാഷിംഗ്ടൺ സുന്ദർ (37 നോട്ടൗട്ട്) എന്നിവരും മികച്ച ഇന്നിംഗ്സ് കാഴ്ചവച്ചു.

124 റൺസിൻ്റെ ഓപ്പണിംഗ് കൂട്ടുകെട്ടിൽ പങ്കാളിയായ ധവാനും ഗില്ലും ചേർന്ന് ഇന്ത്യക്ക് മികച്ച തുടക്കം നൽകി. 63 പന്തിൽ ധവാനും 64 പന്തിൽ ഗില്ലും ഫിഫ്റ്റി തികച്ചു. ഫിഫ്റ്റിക്ക് പിന്നാലെ ലോക്കി ഫെർഗൂസനു വിക്കറ്റ് സമ്മാനിച്ച് ഗിൽ മടങ്ങി. അടുത്ത ഓവറിൽ ധവാനും പുറത്ത്. ടിം സൗത്തിയ്ക്കായിരുന്നു വിക്കറ്റ്. ഋഷഭ് പന്ത് (15), സൂര്യകുമാർ യാദവ് (4) എന്നിവർ ലോക്കി ഫെർഗൂസനു മുന്നിൽ വീണതോടെ സഞ്ജു ക്രീസിലെത്തി. കിവീസ് ബൗളർമാരെ അനായാസം നേരിട്ട സഖ്യം ഇന്ത്യൻ ഇന്നിംഗ്സിനെ മുന്നോട്ടുനയിച്ചു. 94 റൺസ് നീണ്ട തകർപ്പൻ കൂട്ടുകെട്ടാണ് സഖ്യം പടുത്തുയർത്തിയത്. സ്കോർ ഉയർത്താനുള്ള ശ്രമത്തിനിടെ സഞ്ജു ആദം മിൽനെയുടെ ഇരയായി മടങ്ങി. 38 പന്തുകളിൽ 4 ബൗണ്ടറി അടക്കം 36 റൺസെടുത്താണ് സഞ്ജു പുറത്തായത്.

അവസാന ഓവറുകളിൽ തകർത്തടിച്ച വാഷിംഗ്ടൺ സുന്ദർ (16 പന്തിൽ 37 നോട്ടൗട്ട്) ആണ് ഇന്ത്യയെ 300 കടത്തിയത്. 76 പന്തിൽ നിന്ന് 80 റൺസ് നേടിയ ശ്രേയാസ് അവസാന ഓവറിൽ ടിം സൗത്തിയുടെ ഇരയാവുകയായിരുന്നു. ഓവറിലെ അവസാന പന്തിൽ ശാർദുൽ താക്കൂറും (1) മടങ്ങി.