പിന്നാക്ക വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പുകള്‍ നിര്‍ത്തലാക്കി മോദി സര്‍ക്കാര്‍

0
98

പിന്നാക്ക വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പുകള്‍ നിര്‍ത്തലാക്കി മോദി സര്‍ക്കാര്‍. കേരളത്തിലെയടക്കം വിദ്യാര്‍ത്ഥികള്‍ക്ക് ഇത് ഇരുട്ടടിയായി. ഒബിസി പ്രിമെട്രിക്ക് സ്‌കോളര്‍ഷിപ്പുകളിലെ കേന്ദ്ര വിഹിതവും വെട്ടിക്കുറച്ചു.

ഒന്ന് മുതല്‍ പത്തുവരെ ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചിരുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ നിന്ന് ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസിലെ കുട്ടികളാണ് പുറത്തായത്. കേന്ദ്ര സാമൂഹ്യ നീതി ശാക്തീകരണ മന്ത്രാലയം പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളാണ് പിന്നാക്ക വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയായത്.

നിലവിലെ മാനദണ്ഡ പ്രകാരം 50 ശതമാനം തുക കേന്ദ്ര സർക്കാരും 50 ശതമാനം തുക സംസ്ഥാന സർക്കാരുമാണ് നൽകിയിരുന്നത് . രണ്ടര ലക്ഷത്തിൽ താഴെ വരുമാന പരിധിയുള്ള ഒബിസി, ഇബിസി, ഡിഎൻടി വിദ്യാർത്ഥികൾക്ക് 1500 വീതമാണ് സ്കോളർഷിപ്പ് ലഭിച്ചിരുന്നത് . ഇത് ഇനി മുതൽ ഒൻപത്, പത്ത് ക്ലാസിലെ വിദ്യാർത്ഥികൾക്ക് മാത്രമെ ലഭിക്കുകയുള്ളു.

ലക്ഷ കണക്കിന് വിദ്യാർത്ഥികൾക്ക് തിരിച്ചടിയാവുന്ന നിലപാടാണ് കേന്ദ്ര സർക്കാർ എടുത്തിരിക്കുന്നത്. പോസ്റ്റ് മെട്രിക്ക് സ്കോളർഷിപ്പിന്റെ കാര്യത്തിൽ 100 ശതമാനവും കേന്ദ്ര വിഹിതമായിരുന്നു ലഭിച്ചിരുന്നതെങ്കിൽ ഇനി 60 ശതമാനം തുക കേന്ദ്ര സർക്കാരും 40 ശതമാനം തുക സംസ്ഥാന സർക്കാരും വഹിക്കണം. അപ്പോൾ സംസ്ഥാനത്തിന് 24 കോടി രൂപയുടെ അധിക ബാധ്യത വരും. പ്രീമെട്രിക്ക് സ്കോളർഷിപ്പിൽ 16.4 കോടി രൂപയും സംസ്ഥാന ​ഖജനാവിന് അധിക ബാധ്യതയാകും.

പുതുക്കിയ മാർ​ഗരേഖ പ്രകാരം മികച്ച അക്കാദമിക നിലവാരത്തിലുള്ള സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമായിരിക്കും പോസ്റ്റ് മെട്രിക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അർഹത ഉണ്ടാവുക.

ഏതെങ്കിലും സാഹചര്യത്തിൽ ഒരു സ്ഥാപനത്തിൽ പ്രവേശനം നേടിയ യോ​ഗ്യരായ വിദ്യാർത്ഥികളുടെ എണ്ണം അനുവദിച്ച സ്കോളർഷിപ്പ് എണ്ണത്തേക്കാൾ കൂടുതൽ ആണെങ്കിൽ പ്രവേശന പരീക്ഷയിൽ മികച്ച സ്കോർ നേടിയവർക്ക് മാത്രമായി സ്കോളർഷിപ്പ് പരിമിതപ്പെടും. കേരളത്തിന്റെ സാഹചര്യത്തിൽ ഇത് നിമിത്തം നിരവധി ഉന്നത ബിരുദ കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥികൾ സ്കോളർഷിപ്പ് പരിധിക്ക് പുറത്താകും

മുൻവർഷങ്ങളിൽ നിന്ന് ഭിന്നമായി സംസ്ഥാന സർക്കാർ സ്കോളർഷിപ്പിന് അർഹതയുള്ള വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് അനുവദിക്കുന്നതിന് മുന്നോടിയായി ഫ്രീഷിപ്പ് കാർഡ് അനുവദിക്കണമെന്നും കേന്ദ്ര മാർ​ഗരേഖയിൽ പറയുന്നു.

സ്കോളർഷിപ്പ് നിരക്കുകൾക്ക് നാല് സ്ലാബുകളാണ് നിശ്ചയിച്ചിരിക്കുന്നത്. ഡി​ഗ്രി, പിജി പ്രൊഫഷണൽ കോഴ്സുകൾക്ക് വർഷം 20,000 രൂപയും ഡിപ്ലോമ സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് 13,000 രൂപയും ​ഗ്രൂപ്പ് ഒന്നിലും രണ്ടിലുംപ്പെടാത്ത ബിരുദ, ബിരുദാനന്തര കോഴ്സുകൾക്ക് 8,000 രൂപയും നോൺ ഡി​ഗ്രി കോഴ്സുകൾക്ക് 5,000 രൂപയുമാണ് പുതുക്കിയ മാർ​ഗരേഖ പ്രകാരം പരമാവധി തുക ലഭിക്കുക.

ഇതിന് പുറമെ ദരിദ്ര വിദ്യാർത്ഥികൾക്കുള്ള ഹോസ്റ്റൽ സൗകര്യങ്ങളിൽ നിന്നും കേന്ദ്ര സർക്കാർ പിൻവാങ്ങിയിട്ടുണ്ട്.