Friday
19 December 2025
21.8 C
Kerala
HomeSportsവരവറിയിച്ച് കാളക്കൂറ്റന്മാർ; സ്പെയിനിന് ഏഴ് ഗോൾ ജയം

വരവറിയിച്ച് കാളക്കൂറ്റന്മാർ; സ്പെയിനിന് ഏഴ് ഗോൾ ജയം

ഖത്തറിലേക്കുള്ള തങ്ങളുടെ വരവ് രാജകീയമായി തന്നെ അറിയിച്ച് ലൂയീസ് എൻ റികെയും സംഘവും ഏഴ് ഗോൾ ജയവുമായി കുതിപ്പ് തുടങ്ങി. സ്‌പാനിഷ്‌ ടിക്കി-ടാക്കയുടെ മാസ്‌മരിക നിമിഷങ്ങൾ സമ്മാനിച്ച, 2010 ലോകകപ്പിനെ ഓർമ്മിപ്പിക്കുന്ന പ്രകടനമാണ് യുവ സ്പെയിൻ നിര നടത്തിയത്. കോസ്‌റ്റാറിക്കൻ ഗോൾ മുഖത്ത് നിരന്തരം ആക്രമണം വിതച്ച അവർ ഈ ലോകകപ്പിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കിയാണ് കളം വിട്ടത്.

ഫെറാൻ ടോറസ് ഇരട്ട ഗോൾ നേടിയപ്പോൾ മറ്റ് അഞ്ച് താരങ്ങൾ കൂടി ഓരോ ഗോൾ വീതം നേടി സ്‌കോർ കാർഡിൽ ഇടം കണ്ടെത്തിയെന്നതാണ് ശ്രദ്ധേയം. ഫെറാൻ ടോറസ് (31, 54), ഡാനി ഓൽമോ (11), മാർക്കോ അസെൻസിയോ (21), ഗാവി (74), കാർലോസ് സോളർ (90), അൽവാരോ മൊറാട്ട (90+2) എന്നിങ്ങനെയാണ് സ്‌കോറർമാർ. കോസ്‌റ്റാറിക്കയുടെ ഗോൾ കെയ്‌ലർ നവാസിനെ കാഴ്‌ചക്കാരനാക്കിയ എൻ റികെയുടെ പിള്ളേർ ജയത്തോടെ ഗ്രൂപ്പിൽ ഒന്നാമതെത്തി.

ജർമ്മനിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അട്ടിമറിച്ച ജപ്പാനാണ് ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തുള്ളത്. ലോകകപ്പ് ചരിത്രത്തിലെ സ്‌പെയിനിന്റെ ഏറ്റവും വലിയ വിജയം കൂടിയാണ് മത്സരത്തിൽ പിറന്നത്. തങ്ങളുടെ പ്രതാപകാലത്തെ ഓർമ്മിപ്പിക്കുന്ന വിധം കുറിയ പാസുകൾ നൽകിയാണ് സ്പെയിൻ മത്സരം വരുതിയിലാക്കിയത്. കോസ്‌റ്റാറിക്ക ആകെ 231 പാസുകൾ മാത്രം നൽകിയപ്പോൾ, സ്‌പെയിൻ മത്സരത്തിൽ നൽകിയത് 1043 പാസുകളാണ്. അടുത്ത മത്സരത്തിൽ സ്പെയിനിന്‌ എതിരാളി ജർമ്മനിയാണ്.

RELATED ARTICLES

Most Popular

Recent Comments