സംസ്ഥാനത്ത് വിദേശ മദ്യത്തിന് വില വർധിക്കും. സംസ്ഥാനത്ത് നിർമിക്കുന്ന മദ്യത്തിന്റെ വിറ്റുവരവ് നികുതി ഒഴിവാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിലൂടെ ഉണ്ടാകുന്ന വാർഷിക നഷ്ടം ഒഴിവാക്കാനാണ് വില വർധിപ്പിക്കുന്നത്.
സംസ്ഥാനത്തിനകത്ത് വിദേശ മദ്യം നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്ന ഡിസ്റ്റിലറികൾക്ക് ഈടാക്കുന്ന ടേൺഓവർ ടാക്സ് ഒഴിവാക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്. അഞ്ച് ശതമാനം നികുതിയാണ് ഒഴിവാക്കുന്നത്. ഡിസ്റ്റിലറികളുടെ ടേൺഓവർ ടാക്സ് ഒഴിവാക്കുമ്പോൾ സംസ്ഥാനത്തിന് വരുമാന നഷ്ടമുണ്ടാകും. നഷ്ടം നികത്തുന്നതിന് വിദേശ മദ്യത്തിന് നിലവിൽ ചുമത്തുന്ന സംസ്ഥാന പൊതുവിൽപന നികുതി നിരക്കിൽ നാല് ശതമാനം വർദ്ധന വരുത്തും. ഇതിനായി 1963ലെ കേരള പൊതു വിൽപന നികുതി നിയമത്തിൽ ഭേദഗതി വരുത്താൻ നിയമസഭയിൽ ബില്ല് അവതരിപ്പിക്കും.
അതേസമയം,ബിവറേജസ് കോർപ്പറേഷന് വെയർഹൗസ് മാർജിൻ ഒരു ശതമാനം വർദ്ധിപ്പിക്കാനും മന്ത്രിസഭാ യോഗം അനുമതി നൽകി. നിലവിൽ ബിവറേജസ് കോർപ്പറേഷൻ ഡിസ്റ്റിലറികളിൽ നിന്ന് സംഭരിക്കുന്ന വിദേശ മദ്യ വിലയിൽ മാറ്റമുണ്ടാകില്ല. എന്നാൽ വിദേശ മദ്യത്തിന് രണ്ട് ശതമാനം വില വർദ്ധിക്കും.