ക്രിസ്റ്റ്യാനോയെ പുറത്താക്കിയതിനു പിന്നാലെ മാഞ്ചസ്റ്റർ വില്പനയ്ക്ക്

0
102

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പുറത്താക്കിയതിനു പിന്നാലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് വില്പനയ്ക്ക്. ഉടമകളായ ഗ്ലേസേഴ്സ് കുടുംബം ക്ലബ് വിൽക്കാനുള്ള ഒരുക്കത്തിലാണെന്ന് വാർത്താകുറിപ്പിലൂടെ യുണൈറ്റഡ് അറിയിച്ചു. വിൽക്കുകയോ പുതിയ നിക്ഷേപം സ്വീകരിക്കുകയോ ചെയ്യുമെന്നാണ് വാർത്താകുറിപ്പിൽ പറയുന്നത്. 17 വർഷമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമകളാണ് ഗ്ലേസേഴ്സ് കുടുംബം.

2005ലാണ് അമേരിക്കൻ സ്വദേശികളും വ്യവസായികളുമായ ഗ്ലേസേഴ്സ് കുടുംബം മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഏറ്റെടുത്തത്. 934 മില്ല്യൺ ഡോളർ തുക ചെലവഴിച്ചുള്ള കൈമാറ്റത്തിനു ശേഷം ഉടമകൾക്കെതിരെ നിരന്തരം ആരോപണങ്ങളും വിമർശനങ്ങളും ഉയർന്നു. 2013ൽ ഇതിഹാസ പരിശീലകൻ സർ അലക്സ് ഫെർഗൂസൻ ക്ലബ് വിട്ടതോടെ ആരാധകരുടെ വിമർശനങ്ങൾ ശക്തമായി. ഫെർഗൂസനു ശേഷം ക്ലബ് ഇതുവരെ പ്രീമിയർ ലീഗ് കിരീടം നേടിയിട്ടില്ല. 2017നു ശേഷം യുണൈറ്റഡ് ഒരു കിരീടം പോലും നേടിയിട്ടില്ല. പ്രീമിയർ ലീഗ് സീസണിൽ അഞ്ചാം സ്ഥാനത്താണ് നിലവിൽ യുണൈറ്റഡ്.

ഇന്നലെയാണ് ക്രിസ്റ്റ്യാനോയുമായുള്ള കരാർ റദ്ദാക്കിയതായി യുണൈറ്റഡ് അറിയിച്ചത്. താരവുമായി ചര്‍ച്ച ചെയ്ത് സംയുക്തമായാണ് കരാര്‍ റദ്ദാക്കാന്‍ തീരുമാനിച്ചത് എന്ന് ക്ലബ് ഇന്ന് ഔദ്യോഗിക കുറിപ്പില്‍ പറഞ്ഞു. റൊണാള്‍ഡോ ക്ലബിന് നല്‍കിയ സംഭാവനക്ക് നന്ദി പറയുന്നു എന്നും ക്ലബ് കുറിച്ചു.

ഇംഗ്ലീഷ് മാധ്യമപ്രവർത്തകൻ പിയേഴ്സ് മോർഗനു നൽകിയ അഭിമുഖത്തിൽ ക്ലബിനെതിരെ കഴിഞ്ഞ ദിവസം ക്രിസ്റ്റ്യാനോ റൊണാൾഡോ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. “ക്ലബിൽ നിന്ന് ചിലർ എന്നെ പുകച്ച് പുറത്തുചാടിക്കാൻ ശ്രമിക്കുന്നു. പരിശീലകൻ മാത്രമല്ല, മറ്റ് ചിലർ കൂടിയുണ്ട്. ഞാൻ ചതിക്കപ്പെട്ടതുപോലെ തോന്നുന്നു. ചിലർക്ക് എന്നെ അവിടെ ആവശ്യമില്ല. കഴിഞ്ഞ വർഷവും ഇങ്ങനെ ആയിരുന്നു. എന്താണ് നടക്കുന്നതെന്നറിയില്ല. സർ അലക്സ് ഫെർഗൂസൻ പോയതിനു ശേഷം ക്ലബിന് ഒരു പുരോഗതിയുമില്ല. എനിക്ക് ടെൻ ഹാഗിനോട് ബഹുമാനമില്ല. കാരണം, അദ്ദേഹം എന്നെ ബഹുമാനിക്കുന്നില്ല. അതുകൊണ്ട് ഞാൻ ഒരിക്കലും അദ്ദേഹത്തെ ബഹുമാനിക്കില്ല. ക്ലബിന് നല്ലതുവരാനാണ് ഞാൻ ഇവിടെയെത്തിയത്. എന്തുകൊണ്ടാണ് ബെയിൻ റൂണി എന്നെ ഇത്ര വിമർശിക്കുന്നതെന്ന് എനിക്കറിയില്ല. ചിലപ്പോൾ അദ്ദേഹം കളി നിർത്തിയിട്ടും ഞാൻ കളി തുടരുന്നതിനാലാവാം. അദ്ദേഹത്തെക്കാൾ മികച്ചവനാണ് ഞാനെന്ന് പറയുന്നില്ല, അത് സത്യമാണെങ്കിലും.”- ക്രിസ്റ്റ്യാനോ പറഞ്ഞു.