ക്രിസ്‌റ്റ്യാനോ മാഞ്ചസ്‌റ്റർ യുണൈറ്റഡ് വിട്ടു

0
108

മാഞ്ചസ്‌റ്റർ യുണൈറ്റഡ് ഫോർവേഡ് ക്രിസ്‌റ്റ്യാനോ റൊണാൾഡോ ക്ലബ്ബുമായുള്ള കരാർ അവസാനിപ്പിച്ചു. നവംബർ 22 ചൊവ്വാഴ്‌ച മുതലാണ് ഇത് പ്രബല്യത്തിൽ വരിക. ഇരുകക്ഷികളും തമ്മിൽ ധാരണയിൽ എത്തിയെന്നും, റൊണാൾഡോയുടെ കരിയറിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും ക്ലബ് നേരത്തെ ഒരു പ്രസ്‌താവനയിറക്കിയിരുന്നു. ലോകകപ്പിനായി നിലവിൽ ഖത്തറിലുള്ള റൊണാൾഡോ കരിയറിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് കടന്ന് പോവുന്നത്.

എന്നാൽ ക്ലബിനോടും ആരാധകരോടും ഉള്ള സ്നേഹത്തിൽ ഒരു മാറ്റവുമുണ്ടാവില്ലെന്ന് ക്രിസ്‌റ്റ്യാനോ തന്റെ ട്വീറ്റിലൂടെ അറിയിച്ചു. മാഞ്ചസ്‌റ്റർ യുണൈറ്റഡിന്റെ ഏറ്റവും മികച്ച ഗോൾ സ്‌കോറർമാരിൽ ഒരാളായ റൊണാൾഡോ തന്റെ വരവിൽ ക്ലബിൽ തൃപ്‌തനായിരുന്നില്ല. സീസൺ തുടക്കം മുതൽ ആരംഭിച്ച വിവാദങ്ങൾ റൊണാൾഡോയുടെ അഭിമുഖം പുറത്തുവന്നതോടെ അതിന്റെ പാരതമ്യത്തിൽ എത്തുകയായിരുന്നു. തുടർന്നാണ് താരം ക്ലബ് വിടാൻ തീരുമാനിച്ചത്.

മാഞ്ചസ്‌റ്റർ യുണൈറ്റഡുമായി നടത്തിയ ചർച്ചയ്ക്ക് ഒടുവിൽ ക്ലബുമായുള്ള കരാർ നേരത്തെ അവസാനിപ്പിക്കാൻ തീരുമാനം എടുക്കുകയായിരുന്നു. “ഞാൻ മാഞ്ചസ്‌റ്റർ യുണൈറ്റഡിനെയും ആരാധകരെയും സ്നേഹിക്കുന്നു, അത് ഒരിക്കലും മാറില്ല. എന്നാൽ ഒരു പുതിയ വെല്ലുവിളി ഏറ്റെടുക്കാനുള്ള ശരിയായ സമയമാണിതെന്ന് എനിക്ക് തോന്നുന്നു. സീസണിന്റെ ശേഷിക്കുന്ന സമയത്തും ഭാവിയിലും ടീമിന് എല്ലാ വിജയങ്ങളും നേരുന്നു” റൊണാൾഡോ ട്വീറ്റിൽ കുറിച്ചു.