സംസ്ഥാനത്ത് 1681 സ്ഥിരം ലഹരിക്കടത്തുകാര്‍; കൂടുതല്‍ കണ്ണൂരില്‍

0
70

സംസ്ഥാനത്തെ സ്ഥിരം ലഹരിക്കുറ്റവാളികളുടെ പട്ടികയുമായി പൊലീസ്. 1681 പേരുള്ള പട്ടികയില്‍ 162 പേരെ ഒരു വര്‍ഷത്തെ കരുതല്‍ തടങ്കലില്‍ വെയ്ക്കാനാണ് തീരുമാനം. ഇതിനുള്ള ശുപാര്‍ശ പൊലീസ് സംസ്ഥാന സര്‍ക്കാരിന് കൈമാറി. ഇതില്‍ ആഭ്യന്തര സെക്രട്ടറിയാണ് ഉത്തരവിടേണ്ടത്. നിരവധി തവണ ലഹരിക്കേസില്‍ ഉള്‍പ്പെടുന്നവര്‍, വന്‍തോതില്‍ ലഹരി കടത്തി വില്‍പ്പന നടത്തുന്നവര്‍, രാജ്യാന്തര ബന്ധമുള്ളവര്‍ എന്നീ വിഭാഗത്തില്‍പ്പെട്ടരാണ് പട്ടികയിലുള്ളത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നേതൃത്വത്തിലാണ് കുറ്റവാളികളുടെ പട്ടിക തയ്യാറാക്കിയത്.

കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ ലഹരികടത്തുകാരെന്ന് പൊലീസിന്റെ പട്ടിക വ്യക്തമാക്കുന്നു. 465 പേരാണ് പട്ടികയിലുള്ളത്. വയനാടും കാസര്‍കോടുമാണ് രണ്ടാമത്. 210 പേര്‍ വീതമാണ് രണ്ട് ജില്ലകളിലുമുള്ളത്. കൊല്ലം സിറ്റിയില്‍ 189 പേരുണ്ടെന്നും പൊലീസിന്റെ കണക്കില്‍ പറയുന്നു.

ലഹരി കടത്തില്‍ നിന്നും സ്വത്ത് സമ്പാദിച്ചവര്‍ക്കെതിരെയും നടപടിയുണ്ട്. 114 പേരില്‍ ഏറെയും എറണാകുളം ജില്ലയിലാണ്. ഈ വര്‍ഷം ഒക്ടോബര്‍ വരെ ലഹരി കേസില്‍ 24,779 പേരെ പൊലീസ് മാത്രം അറസ്റ്റ് ചെയ്തിട്ടുണ്ട്. എക്‌സൈസിന്റെ കണക്ക് കൂടി വന്നാല്‍ സംസ്ഥാനത്തെ ലഹരിമരുന്ന് ഒഴുക്കിന്റെ തീവ്രത വ്യക്തമാകും.