ഫിഫ ലോകകപ്പ് ഫുട്ബോൾ 2022ന് ഖത്തറിൽ തുടക്കം

0
67

ഫിഫ ലോകകപ്പ് ഫുട്ബോൾ 2022ന് ഖത്തറിൽ തുടക്കം. വർണ്ണവിസ്മയമായ ഉദ്ഘാടന ചടങ്ങിൽ ഹോളിവുഡ് നടൻ മോർഗൻ ഫ്രീമാൻ, ബോളിവുഡ് താരം നോറ ഫത്തേഹി തുടങ്ങിയ നിരവധി താരങ്ങൾ പങ്കെടുത്തു. ഖത്തറിനെ ആവേശത്തിലാഴ്ത്തികൊണ്ട് കൊറിയൻ പോപ്പ് ഗായകൻ ജങ് കുക്കിന്റെ മാസ്മരിക പ്രകടനം. ബിടിഎസിന്റെ പ്രമുഖ ഗാനമായ ഡ്രീമേഴ്സ് ആലപിച്ചുകൊണ്ടാണ് ജങ് കുക്ക് അൽ ബയ്ത് സ്റ്റേഡിയത്തെ ആകെ ആവേശത്തിലാഴ്ത്തിയത്. കൂടാതെ ഫിഫ ലോകകപ്പിന്റെ സൗണ്ട് ട്രാക്ക് തയ്യാറാക്കുന്നതിലും ജങ്കൂക്ക് ഭാഗമായി.

ബാൻഡിലെ അംഗമായ ജിൻ സൈനിക സേവനം ചെയ്യുന്നതിന്റെ ഭാഗമായി ഇപ്പോൾ ബാൻഡ് പരിപാടികളിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണ്. അതിനാൽ തന്നെ ബാൻഡിലെ മറ്റ് അംഗങ്ങൾ ഇപ്പോൾ സോളോ പെർഫോമൻസിൽ ശ്രദ്ധ നൽകിയിരിക്കുകയാണ്. തുടർന്നാണ് ജങ് കുക്ക് മാത്രമായി ഖത്തർ ലോകകപ്പിനെത്തി ആവേശകരമായ പ്രകടനം കാഴ്ചവെച്ചത്.

ഇന്ത്യൻ സമയം രാത്രി എട്ട് മണിക്ക് ആരംഭിച്ച ഉദ്ഘാടന ചടങ്ങിന് പിന്നാലെ രാത്രി 9.30ന് ഖത്തർ ഇക്വഡോർ മത്സരത്തോടെയാണ് ഫിഫ ലോകകപ്പ് 2022ന്റെ ഔദ്യോഗിക കിക്കോഫ്. ദോഹയിൽ അൽ ബയ്ത് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം.

ഇന്ത്യയിൽ ഫിഫ ലോകകപ്പിന്റെ ടെലിവിഷൻ ഡിജിറ്റൽ സംപ്രേഷണ അവകാശം റിലയൻസ് ഗ്രൂപ്പിന്റെ നെറ്റ്വർക്ക് 18നാണ് സ്വന്തമാക്കിയിരിക്കുന്നത്. നെറ്റ്വർക്ക് 18ന്റെ കായിക ചാനലായ സ്പോർട്സ് 18നിലും ജിയോ സിനിമാസ് ആപ്ലിക്കേഷനിലുമാണ് ഖത്തർ ലോകകപ്പ് മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്നത്. ജിയോ സിനിമാസിൽ പൂർണമായും സൗജന്യമായിട്ടാണ് ലോകകപ്പ് മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്നത്.