ജമ്മുകശ്മീരിൽ മാധ്യമപ്രവർത്തകർക്ക് നേരെ ഭീകരാക്രമണ ഭീഷണി

0
127

ജമ്മുകശ്മീരിൽ മാധ്യമപ്രവർത്തകർക്ക് നേരെ ഭീകരാക്രമണ ഭീഷണിയുണ്ടെന്ന് കശ്മീർ പോലീസ്. ഈ സാഹചര്യത്തിൽ കശ്മീർ പോലീസ് ശനിയാഴ്ച ശ്രീനഗർ, അനന്ത്‌നാഗ്, കുൽഗാം എന്നിവിടങ്ങളിലെ പത്ത് സ്ഥലങ്ങളിൽ പരിശോധന നടത്തി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്.

നവംബർ 12 ന് കശ്മീരിലെ മാധ്യമപ്രവർത്തകർക്ക് ഭീഷണിക്കത്ത് അയച്ചതിന് ലഷ്‌കർ-ഇ-തൊയ്ബ, ലഷ്‌കർ-ഇ-തൊയ്ബയുടെ നിഴൽ സംഘടനയായ ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) എന്നിവയിലെ തീവ്രവാദികൾക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഭീഷണിയെത്തുടർന്ന് നിരവധി മാധ്യമപ്രവർത്തകർ പ്രാദേശിക പ്രസിദ്ധീകരണങ്ങളിൽ നിന്ന് രാജിവെയ്ക്കുന്ന സാഹചര്യം വരെ ഉണ്ടായിരുന്നു.

കശ്മീരിലെ വിവിധ പത്രങ്ങളിൽ ജോലി ചെയ്തിരുന്ന മുക്താർ ബാബ പലപ്പോഴും പാകിസ്ഥാൻ സന്ദർശിക്കാറുണ്ടെന്നും താഴ്വരയിലെ യുവാക്കളെ ടിആർഎഫിൽ ചേരുന്നതിനുള്ള സൂത്രധാരനായി മാറിയെന്നും രഹസ്യാന്വേഷണ വിവരത്തിൽ പറയുന്നു. അദ്ദേഹം പത്രപ്രവർത്തക സമൂഹത്തിൽ വിവരദായകരുടെ ഒരു ശൃംഖല കെട്ടിപ്പടുത്തുവെന്നും അവരുടെ ഇൻപുട്ടുകൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്താൻ എഴുത്തുകാരുടെ ഒരു ലിസ്റ്റ് തയ്യാറാക്കി എന്നും പോലീസ് അറിയിച്ചു.