പാഠ്യപദ്ധതി പരിഷ്‌ക്കരണം;വിദ്യാര്‍ത്ഥികളുമായി സംവദിച്ച് മന്ത്രി വി ശിവന്‍കുട്ടി

0
136

സംസ്ഥാനത്തെ പാഠ്യപദ്ധതി പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളുമായി സംവദിച്ച് മന്ത്രി വി ശിവന്‍കുട്ടി. ‘വിദ്യാര്‍ത്ഥികളെ പറയൂ’ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കാസര്‍കോട് കുണ്ടംകുഴി ഗവ.ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ നടന്നു.

പഠിക്കേണ്ടതെന്തൊക്കെ പഠിപ്പിക്കേണ്ടത് എങ്ങനെ….. അഭിപ്രായമാരാഞ്ഞ് വിദ്യാഭ്യാസ മന്ത്രി തന്നെ മുന്നിലെത്തിയപ്പോള്‍ കുട്ടികളെല്ലാം ഉഷാറായി. ലഹരിക്കും അന്ധവിശ്വാസത്തിനുമെതിരായ അറിവുകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കുക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കുക, പാഠ്യപദ്ധതി പരിഷ്‌ക്കരണത്തില്‍ കുഞ്ഞു വലിയ നിര്‍ദേശങ്ങള്‍ ഓരോന്നോരോന്നായി എത്തി.

തുറന്ന ചര്‍ച്ചയും ക്രിയാത്മക നിര്‍ദേശങ്ങളുമെല്ലാമായി വിദ്യാര്‍ത്ഥികളേ പറയൂ പരിപാടി മികച്ചു നിന്നു. രാജ്യത്ത് തന്നെ ആദ്യമായാണ് വിദ്യാര്‍ത്ഥികള്‍ പാഠ്യ പദ്ധതി പരിഷ്‌ക്കരണ ചര്‍ച്ചയുടെ ഭാഗമാവുന്നത്.

പൊതുവിദ്യാഭ്യാസ മേഖലയില്‍ കേരളം നേടിയ നേട്ടങ്ങള്‍ നിലനിര്‍ത്തുന്നതിനോടൊപ്പം പുതിയ കാലഘട്ടത്തിനനുസരിച്ചുള്ള പാഠ്യപദ്ധതി രൂപീകരിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികളേ പറയൂ പരിപാടിയുടെ ഭാഗമായി 48 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും പാഠ്യപദ്ധതി പരിഷ്‌ക്കരണ ചര്‍ച്ചയുടെ ഭാഗമാവും.