ആമസോണിലും കൂട്ടപ്പിരിച്ചുവിടൽ

0
93

ആമസോണിലും കൂട്ടപ്പിരിച്ചുവിടൽ. അലക്സ, ക്ലൗഡ് ഗെയിമിങ്ങ് അടക്കം എല്ലാ വിഭാഗങ്ങളിൽ നിന്നുമായി 10,000ഓളം ജീവനക്കാരെ ഈ ആഴ്ച പിരിച്ചുവിട്ടതായി കമ്പനി വൃത്തങ്ങൾ അറിയിച്ചു. ജോലി നഷ്ടമായവരിൽ നിരവധി ഇന്ത്യക്കാരും ഉൾപ്പെടുന്നു. ഇവരിൽ പലരും സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ലിങ്ക്ഡ്ഇനിൽ ഇക്കാര്യം അറിയിച്ചു.

മെറ്റയിൽ പതിമൂന്ന് ശതമാനത്തോളം ജീവനക്കാരെ പിരിച്ച് വിടാനായിരുന്നു തീരുമാനം. 11,000 ലേറെ പേരെ പിരിച്ചുവിടാൻ തീരുമാനിച്ചതായി സിഇഒ മാർക്ക് സക്കർബർഗ് അറിയിച്ചചിരുന്നു. സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് പുതിയ നിയമനങ്ങൾ മെറ്റാ ഇതിന് മുൻപ് തന്നെ കുറച്ചിരുന്നു. പിന്നാലെയാണ് പിരിച്ചുവിടലും ആരംഭിച്ചത്.

സമീപകാലത്തെ ഏറ്റവും വലിയ പിരിച്ചുവിടലാണിത്. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലാണ് ടെക്ക് കമ്പനികളെന്നാണ് സൂചന. ചെലവുകൾ വെട്ടിക്കുറയ്ക്കാനും ടീമുകളെ മാറ്റാനും മെറ്റ ഉദ്ദേശിക്കുന്നതായി സെപ്തംബർ അവസാനം തന്നെ സക്കർബർഗ് ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

മാർക്കറ്റിംഗ്, കമ്മ്യൂണിക്കേഷൻ വിഭാഗങ്ങളിലായിരുന്നു ട്വിറ്റർ ഇന്ത്യയിലെ കൂട്ടപ്പിരിച്ചുവിടൽ. തങ്ങളെ പിരിച്ചുവിട്ടതായി നിരവധി ജീവനക്കാർ സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കുകയായിരുന്നു.

ട്വിറ്റർ ഇന്ത്യയിൽ ഏകദേശം 250 ജീവനക്കാരാണുള്ളത്. നാലാം തിയതി ട്വിറ്ററിന്റെ എല്ലാ ജീവനക്കാർക്കും ഒരു ഇ മെയിൽ ലഭിക്കുമെന്നും ജോലിയിൽ നിങ്ങൾ തുടരുമോ ഇല്ലയോ എന്നത് സംബന്ധിച്ച വിവരങ്ങൾ ഇ മെയിലിൽ ഉണ്ടാകുമെന്നും അറിയിപ്പുണ്ടായിരുന്നു. ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ സിഇഒ പരാഗ് അഗർവാൾ ഉൾപ്പെടെയുള്ളവരെ തൽസ്ഥാനത്തുനിന്ന് നീക്കിയിരുന്നു.