ആനാവൂര്‍ നാരായണന്‍ വധക്കേസ്; ആര്‍എസ്എസുകാരായ 11 പ്രതികള്‍ക്ക് ജീവപര്യന്തം

0
114

ആനാവൂര്‍ നാരായണന്‍ കൊലപാതക കേസില്‍ 11 പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ. നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. ഒന്നും രണ്ടും നാലും പ്രതികള്‍ക്ക് ഒരു ലക്ഷം രൂപ വീതം കോടതി പിഴയിട്ടും. പിഴത്തുക ആനാവൂര്‍ നാരായണന്‍ നായരുടെ കുടുംബത്തിന് നല്‍കും. ബിഎംഎസ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജേഷ് ആണ് കേസിലെ ഒന്നാം പ്രതി.

ഒന്‍പത് വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്. എസ്എഫ്‌ഐക്കാരനായ മകനെ അപായപ്പെടുത്തുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് നാരായണന് വെട്ടേല്‍ക്കുന്നത്. ആഴമേറിയ പതിനാറ് വെട്ടുകള്‍ ഉള്‍പ്പെടെ ഇരുപത്തിയഞ്ചിലധികം മുറിവുകള്‍. ഭാര്യയുടെയും മകന്റെയും മുന്നില്‍വച്ചായിരുന്നു ക്രൂരമായ കൊലപാതകം.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സര്‍ക്കാര്‍ ജീവനക്കാരനായിരുന്നു നാരായണന്‍നായര്‍ എന്ന ആനാവൂര്‍ നാരായണന്‍. നാട്ടുകാര്‍ക്കിടയില്‍ സതിയണ്ണന്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. ആനാവൂര്‍ ഭദ്രകാളി ദേവി ക്ഷേത്രത്തിലെ ട്രസ്റ്റ് അംഗം, വിത്തിയറം ശ്രീകണ്ഠന്‍ ശാസ്താ ക്ഷേത്രത്തിലെ സെക്രട്ടറി, ആലത്തൂര്‍ പുരോഗമന ഗ്രന്ഥശാല സെക്രട്ടറി എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു.